| Monday, 27th April 2026, 11:44 pm

തോല്‍വിക്ക് പുറകെ വമ്പന്‍ നാണക്കേടും; സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി ദല്‍ഹി!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡും ദല്‍ഹിയുടെ തലയില്‍ വീണിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 100 റണ്‍സിന് താഴെ സ്‌കോര്‍ ചെയ്യുന്ന ടീമാകുകയാണ് ദല്‍ഹി. സ്വന്തം പേരിലുള്ള നാണക്കേടാണ് ദല്‍ഹി ഒരുവട്ടം കൂടി തിരുത്തിയത്.

ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 100 റണ്‍സിന് താഴെ സ്‌കോര്‍ ചെയ്യുന്ന ടീം

ദല്‍ഹി – 11*

ബെംഗളൂരു – 8

രാജസ്ഥാന്‍ – 7

മുംബൈ – 6

പഞ്ചാബ് – 5

കൊല്‍ക്കത്ത – 4

ചെന്നൈ – 2

ഹൈദരാബാദ് – 1

ഗുജറാത്ത് – 1

ലഖ്‌നൗ – 1

20 റണ്‍സിന് ജേക്കബ് ബേഥലിനെ നഷ്ടപ്പെട്ടെങ്കിലും ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‌ലിയും ബെംഗളൂരുവിനെ അതിവേഗം വിജയത്തിലെത്തിക്കുകയായിരുന്നു. പടിക്കല്‍ 13 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 34* റണ്‍സ് നേടിയപ്പോള്‍ വിരാട് 15 പന്തില്‍ 23* റണ്‍സും നേടി. രണ്ട് സിക്‌സും ഒരു ഫോറുമാണ് വിരാട് നേടിയത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാകാനും സാധിച്ചിരുന്നു.

സൂപ്പര്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്‌പെല്ലിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു ദല്‍ഹി. മത്സരത്തിലെ പവര്‍പ്ലെയില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമായിരുന്നു ദല്‍ഹിയുടെ പക്കലുണ്ടായിരുന്നത്. ഇത് ഐ.പി.എല്ലിലെ ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോര്‍ കൂടിയാണ്.

സഹില്‍ പരാഖ് (0), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (5), അക്‌സര്‍ പട്ടേല്‍ (0) എന്നിവരെ ഭുവി മടക്കിയപ്പോള്‍ കെ.എല്‍. രാഹുല്‍ (1), സമീര്‍ റിസ്‌വി (0), നിതീഷ് റാണ (1), അഭിഷേക് പോരല്‍ (30) എന്നിവരെ ഹേസല്‍വുഡ്ഡും കൂടാരം കയറ്റി. അഭിഷേക് പോരലായിരുന്നു ദല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.

19 റണ്‍സ് നേടിയ ഡേവിഡ് മില്ലറിനെ റാസിക് സലാമായിരുന്നു പുറത്താക്കിയത്. ശേഷിച്ച വിക്കറ്റ് ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും നേടി.

Content Highlight: Delhi Capitals In Unwanted Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more