വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ആര്‍.സി.ബിയുടെ വിജയകുതിപ്പ് അന്ത്യം കുറിച്ച് ദല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദല്‍ഹി വിജയം സ്വന്തമാക്കിയത്. അതോടെ ആര്‍.സി.ബി സീസണിലെ തോല്‍വി രുചിച്ചു.
മത്സരത്തില്‍ ആര്‍.സി.ബി ഉയര്‍ത്തിയ 110 വിജയലക്ഷ്യം ദല്‍ഹി അനായാസം മറികടക്കുകയായിരുന്നു. 26 പന്ത് ബാക്കി നില്‍ക്കെയാണ് ടീമിന്റെ വിജയം.
ആര്‍.സി.ബിയ്ക്ക് മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് വലിയ ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 62 എന്ന ശക്തമായ നിലയില്‍ നിന്ന് ടീം 109 ഓള്‍ ഔട്ട് എന്ന രീതിയില്‍ കൂപ്പുകുത്തുകയായിരുന്നു.
ക്യാപ്റ്റന്‍ സ്മൃതി മന്ഥാന പുറത്തായതോടെയാണ് ടീം വലിയ തകര്‍ച്ച നേരിട്ടത്. താരം 34 പന്തില്‍ 38 റണ്‍സെടുത്താണ് മടങ്ങിയത്. ടീമിന്റെ ടോപ് സ്‌കോറും ഇത് തന്നെയാണ്. പിന്നാലെ തുടരെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ആര്‍.സി.ബി സമ്മര്‍ദത്തിലായി.
ഈ സമ്മര്‍ദത്തില്‍ നിന്ന് മുന്‍ ചാമ്പ്യമാര്‍ക്ക് കരകയറാനായില്ല. രാധ യാദവ് മധ്യ നിരയില്‍ 17 പന്തില്‍ 18 റണ്‍സുമായി ടീമിന് കരുത്തവാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ ടീം 109 റണ്‍സിന് പുറത്തായി.
ദല്‍ഹിക്കായി നന്ദിനി ശര്‍മ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാരിസന്‍ കാപ്പ്, ഷിനല്ലെ ഹെന്റി, മിന്നുമണി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ നല്ലപുരേഡ്ഡി ചരണി ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ തുടക്കം തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും ലീസല്ലെ ലീയുമാണ് വലിയ സ്‌കോര്‍ എടുക്കാതെ മടങ്ങിയത്. ഇരുവരെയും പുറത്താക്കിയത് സയാലി സത്ഘാരെയാണ്.
പിന്നാലെ ഒത്തുചേര്‍ന്ന ലോറ വോള്‍വാര്‍ട്ട് – ജെമീമ റോഡ്രിഗസ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 50 റണ്‍സിന്റെ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തപ്പോഴേക്കും ഈ ജോഡി പിരിഞ്ഞു. 26 പന്തില്‍ 24 റണ്‍സ് എടുത്ത് മടങ്ങിയതോടെയാണ് ഈ സഖ്യം പൊളിഞ്ഞത്. രാധ യാദവിനാണ് ഈ വിക്കറ്റ്.
അതോടെ ക്രീസിലെത്തിയ മാരിസന്‍ കാപ്പിനെ കൂട്ടുപിടിച്ച് ലോറ ടീമിന് വിജയം സമ്മാനിച്ചു. ലോറ 38 പന്തില്‍ 42 റണ്‍സുമായും കാപ്പ് 15 പന്തില്‍ 19 റണ്‍സുമായും പുറത്താവാതെ നിന്നു. അതോടെ സീസണിലെ മൂന്നാം വിജയം നേടിയെടുക്കന്നതിനൊപ്പം ആര്‍.സി.ബിയുടെ അപരാജിത കുതിപ്പിന് വിരാമമിടാനും സാധിച്ചു.
Content Highlight: Delhi Capitals ended RCB’s unbeaten run in WPL 2026