| Saturday, 18th April 2026, 7:50 pm

കില്ലർ മില്ലർ ബെംഗളൂരുവിന്റെ കഥ കഴിച്ചു; ദൽഹി ക്യാപ്പിറ്റൽസ് കുതിക്കുന്നു

സുദേവ് എ

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ദല്‍ഹി ക്യാപ്പിറ്റല്‍സിന് ആറ് വിക്കറ്റിന്റെ ആവേശകരമായ വിജയം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം ദല്‍ഹി ഒരു പന്തും നാല് വിക്കറ്റും ബാക്കിനില്‍ക്കെ മറികടന്നു.

ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെയും കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ച്വറിയും ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ഫിനിഷിങ്ങുമാണ് ദല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 47 പന്തില്‍ പുറത്താവാതെ 60 റണ്‍സാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

രാഹുല്‍ 34 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 57 റണ്‍സും സ്വന്തമാക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മില്ലര്‍ 10 പന്തില്‍ 22 റണ്‍സ് നേടിയാണ് ദല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ഒരു ഫോറും രണ്ട് സിക്‌സുമാണ് മില്ലര്‍ നേടിയത്.

ദല്‍ഹിയുടെ ബൗളിങ്ങില്‍ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിടി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബെംഗളുരുവിനായി ഫില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 68 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനം.

അതേസമയം ഈ ത്രില്ലര്‍ ജയത്തോടെ അക്സര്‍ പട്ടേലും സംഘവും നാലാം സ്ഥാനത്തെത്തുകയും ചെയ്തു. ആറ് പോയിന്റാണ് ദല്‍ഹിക്കുള്ളത്. എട്ട് പോയിന്റോടെ ആര്‍.സി.ബി രണ്ടാം സ്ഥാനത്തുമാണ്.

Content Highlight: Delhi Capitals beat Royal Challengers Bangalore in IPL

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more