| Monday, 11th May 2026, 11:38 pm

പഞ്ചാബ് വീണ്ടും വീണു; ദല്‍ഹി ക്യാപിറ്റല്‍സ് വിജയ വഴിയിൽ

Sudev A

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് നാലാം തോല്‍വി. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ദല്‍ഹി നിരയില്‍ ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 30 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 56 റണ്‍സാണ് അക്സര്‍ നേടിയത്. 28 പന്തില്‍ 51 റണ്‍സാണ് മില്ലര്‍ അടിച്ചെടുത്തത്. മൂന്ന് ഫോറുകളും നാല് സിക്‌സുകളുമാണ് മില്ലര്‍ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അശുതോഷ് ശര്‍മയും മാധവ് തിവാരിയും ദല്‍ഹിക്ക് വിജയം സമ്മാനിച്ചു.

പഞ്ചാബിനായി ആര്‍ഷദീപ് സിങ്, യാഷ് താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബെന്‍ ഡ്വാര്‍ഷുയിസ്, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പ്രിയാന്‍ഷ് ആര്യയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 36 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് പഞ്ചാബ് നായകന്റെ ഇന്നിങ്‌സ്.

പ്രിയാന്‍ഷ് 33 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളുമാണ് ആര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. കൂപ്പര്‍ കനോലി 38 റണ്‍സും സൂര്യാന്‍ഷ് ഷെഡ്ജെ 21 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ദല്‍ഹി ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാധവ് തിവാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

മെയ് 14ന് മുംബൈ ഇന്ത്യന്‍സിനെയാണ് ശ്രേയസ് അയ്യരും സംഘവും നേരിടുക. ധര്‍മശാലയാണ് വേദി. മെയ് 17നാണ് ദല്‍ഹി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്‌റ്ക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

Content Highlight: Delhi Capitals beat Punjab Kings in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more