| Tuesday, 11th November 2025, 8:59 pm

ദല്‍ഹി സ്‌ഫോടനം: പിന്നില്‍ ജെയ്‌ഷെ മുഹമ്മദെന്ന് സംശയം; അന്വേഷണം എന്‍.ഐ.എക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തില്‍ അന്വേഷണ ചുമതല ഔദ്യോഗികമായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, എന്‍.ഐ.എ ലോക്കല്‍ പൊലീസുമായി ബന്ധപ്പെട്ടെന്നും കേസ് ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.

അതേസമയം, കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്ന് നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗങ്ങള്‍ക്ക് പിന്നാലെയാണ് അന്വേഷണ ചുമതല എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്.

‘സംഭവത്തിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തീരുമാനിച്ചു. സ്‌ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച് എത്രയും പെട്ടന്ന് തന്നെ അന്വേഷണം നടത്താനും സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനും അദ്ദേഹം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നിര്‍ദേശം നല്‍കി.

പൊട്ടിത്തെറിച്ച കാറിലെ മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഒത്തുനോക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു,’ ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങള്‍ പറഞ്ഞു.

ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ അന്വേഷണ സംഘം തിരച്ചില്‍ തുടരുകയാണ്. തീവ്രവാദ സംഘടനയുടെ ഒന്നിലധികം സൂചനകള്‍ ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനങ്ങളുമായി ഏകോപിച്ചാണ് അന്വേഷണ നടപടികള്‍ തുടരുന്നത്.

അതേസമയം, ദല്‍ഹി സ്‌ഫോടനത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്‌ഫോടനത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

‘വളരെയധികം ഹൃദയവേദനയോടെയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസിലാക്കുന്നു. രാജ്യം മുഴുവന്‍ ഇന്ന് അവര്‍ക്കൊപ്പമുണ്ട്,’ ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവില്‍ നടന്ന പൊതുപരിപാടിയില്‍ മോദി പറഞ്ഞു.

‘നമ്മുടെ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ പോലും വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Delhi blast: Jaish-e-Mohammed suspected to be behind it; NIA to investigate

We use cookies to give you the best possible experience. Learn more