ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ദല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാര്‍. ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ ആര്‍.എസ്.എസ്, സ്വാതന്ത്ര്യസമര സേനാനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി ആശിഷ് സൂദ് പറഞ്ഞു.
ഒന്ന് മുതല്‍ 12 വരെയുള്ള പാഠപുസ്തകങ്ങളിലാണ് ആര്‍.എസ്.എസിന്റെ നാള്‍വഴി ഉള്‍പ്പെടുത്തുക. വി.ഡി. സവര്‍ക്കര്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ശ്യാമ പ്രസാദ് മുഖര്‍ജി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവര്‍ക്ക് ഈ പാഠ്യഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് ദല്‍ഹി ഉദ്യോഗസ്ഥര്‍ പറയുന്നത്.
‘വിദ്യാര്‍ത്ഥികളില്‍ പൗരബോധവും സാമൂഹിക ബോധവും വളര്‍ത്തേണ്ടതുണ്ട്. അടിസ്ഥാനമപരമായ കടമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇത്തരം മൊഡ്യൂളുകള്‍ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്,’ മന്ത്രി ആശിഷ് സൂദ് വ്യക്തമാക്കി.
പുതിയ വിദ്യാഭ്യാസ പദ്ധതിയായ ‘രാഷ്ട്രനീതി’യിലൂടെയായിരിക്കും ദല്‍ഹി സര്‍ക്കാര്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ചേർക്കുക. രാഷ്ട്രനീതി പുതിയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി) ഭാഗം കൂടിയാണ്.
ഇന്ത്യയുടെ വികസനത്തില്‍ സജീവ ഇടപെടലുകള്‍ നടത്തിയ സംഘടനയാണ് ആര്‍.എസ്.എസ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സംഘടനകളില്‍ ഒന്ന്. അതുകൊണ്ട് തന്നെ അനുഭവിച്ചറിയാന്‍ കഴിയുന്ന വിധത്തിലായിരിക്കും രാഷ്ട്രനീതി കോഴ്സുകള്‍ പഠിപ്പിക്കുകയെന്നും ദല്‍ഹി വിദ്യാഭ്യാസമന്ത്രി ആശിഷ് സൂദ് പറഞ്ഞു.
ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച പശ്ചാത്തലത്തിലാണ് ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് (ബുധന്‍) ദല്‍ഹിയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക തപാല്‍ സ്റ്റാമ്പും ആർ.എസ്.എസിന്റെ സങ്കൽപ്പത്തിലുള്ള ഭാരതാംബയുടെ ചിഹ്നം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
മോദിക്ക് പുറമെ ആര്‍.എസ്.എസ് കാര്യവാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlight: Delhi BJP government says RSS history will be included in the curriculum