| Saturday, 21st March 2026, 7:20 am

ഡീലിറ്റഡ് സീനുകളില്‍ ഏറ്റവും മികച്ചത്; പ്രശംസ പിടിച്ചുപറ്റി സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഡിലീറ്റഡ് സീനുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ 1998 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റുകയായിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റര്‍ ചെയ്ത് തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് റി റിലീസില്‍ ലഭിച്ചത്.

സമ്മര്‍ ഇന്‍ ബത്‌ലഹേം. Photo: cinema express

ചിത്രത്തിന്റെ നിര്‍മാതാവായ സിയാദ് കോക്കര്‍, കോക്കേര്‍സ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഡിലീറ്റഡ് സീനാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചിത്രത്തില്‍ ആകെ ഒരു രംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച നിരഞ്ജന്‍ എന്ന കഥാപാത്രത്തോടൊപ്പമുള്ള രംഗവും ജയിലില്‍ നിന്നും വിവാഹം കഴിഞ്ഞ് തിരിച്ച് ബെത്‌ലഹേമിലെത്തിയ അഭിരാമിയെ വിവാഹ ബന്ധം തുടരാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിക്കുന്നതുമായ സീനുമാണ് വൈറാലവുന്നത്.

വധശിക്ഷക്ക് വിധേയനാകുന്നതിന് തൊട്ട് മുമ്പ് നിരഞ്ജന്റെ നിര്‍ബന്ധപ്രകാരം ഡെന്നീസ് (സുരേഷ് ഗോപി) അഭിരാമിയുടെ ( മഞ്ജു വാര്യര്‍) കഴുത്തില്‍ താലികെട്ടുന്നുണ്ട്. ഇതിന് ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ഡെന്നീസ് പറയുന്നതും താന്‍ കെട്ടിയ താലി ഊരി മാറ്റാന്‍ തയ്യാറാകുന്നതും കാണാം. എന്നാല്‍ ജയറാമിന്റെ കഥാപാത്രവും മറ്റുള്ളവരും ചേര്‍ന്ന് ഇതിനെ എതിര്‍ക്കുന്നതും വിവാഹബന്ധം തുടരാന്‍ ശക്തമായി ആവശ്യപ്പെടുന്നതും രംഗത്തിലുണ്ട്.

എല്ലാവരുടെയും അഭ്യര്‍ത്ഥന മാനിച്ച് അഭിരാമിയെ തന്നോടൊപ്പം ജീവിക്കാനായി ഡെന്നീസ് കൈ പിടിക്കുന്നിടത്താണ് അഭിരാമിയുടെ സ്വപ്‌നത്തിലെന്നോണം വീണ്ടും നിരഞ്ജന്‍ കടന്നുവരുന്നത്. ഡെന്നീസിനൊപ്പം ജീവിക്കണമെന്ന് അഭിരാമിയോട് ആത്മാര്‍ത്ഥമായി നിരഞ്ജന്‍ ആവശ്യപ്പെടുന്നുണ്ട്. ഫിലോസഫിക്കലായി വളരെയധികം ഡീപ്പായ ഡയലോഗുകളാണ് അഭിരാമിയെ പറഞ്ഞു മനസ്സിലാക്കാനായി നിരഞ്ജന്റെ കഥാപാത്രം ഉപയോഗിക്കുന്നത്.

വളരെയധികം ഇമോഷണലായ ഈ രണ്ട് സീനുകള്‍ക്കും ശേഷം വെക്കേഷനെത്തിയ ഫാമിലിയെ സന്തോഷത്തോടെ തിരിച്ചയക്കുന്ന സീനിലേക്കാണ് ക്ലൈമാക്‌സിലേക്കാണ് ചിത്രം നേരിട്ട് കടക്കുന്നത്. ചിത്രത്തില്‍ ജയിലില്‍ വെച്ച് പെട്ടെന്ന് കല്ല്യാണം നടക്കുന്നതിനെ ലോജിക്കലാക്കി മാറ്റാന്‍ വേണ്ടിയായിരുന്നു ഈ സീനെന്നും എന്നാല്‍ ചിത്രം കണ്ടിറങ്ങിയപ്പോള്‍ സീനിന്റെ ആവശ്യം അതിലില്ലെന്ന് നിര്‍മാതാവായ സിയാദ് കോക്കറാണ് പറഞ്ഞതെന്നും സിബി മലയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ മരിച്ചെന്ന് അറിഞ്ഞതിന് ശേഷം ആളുകള്‍ ചിത്രം കാണാന്‍ ഉണ്ടെന്നതിനാലും സീനുകള്‍ കട്ട് ചെയ്ത് ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ ഇന്‍ ബത്‌ലഹേം. Photo: screen grab/ kokers entertainments/ youtube.com

അതേസമയം സീന്‍ ഒഴിവാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. സീന്‍ നിരഞ്ജന്‍ എന്ന കഥാപാതത്തിന് കൂടുതല്‍ ലോജിക്ക് നല്‍കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അഭിരാമിയെ കണ്‍വിന്‍സ് ചെയ്യാന്‍ നോക്കുന്ന സീനുകള്‍ക്ക് ഒരുപാട് നാടകീയതയുണ്ടെന്നും അത് ചിത്രത്തിന്റെ മൂഡിന് യോജിക്കുന്നില്ലെന്നും പലരുടെയും കമന്റുകളുണ്ട്.

Content Highlight: Deleted scene from 1998 movie summer in Bethlehem goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more