| Friday, 27th November 2026, 7:41 pm

പരമോന്നത കോടതിയെ വെല്ലുവിളിച്ചു, ഹിന്ദു അവകാശങ്ങള്‍ ഹനിച്ചു; വിജയ് സര്‍ക്കാര്‍ സനാതന വിരുദ്ധര്‍: ബി.ജെ.പി

നിഷാന. വി.വി

ചെന്നൈ: സുപ്രീം കോടതിയുടെ കാര്‍ത്തിക ദീപം ഉത്തരവിന് പിന്നാലെ വിജയ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. തമിഴ്‌നാട് സര്‍ക്കാര്‍ ഹിന്ദുമതാചാരങ്ങളെ മനപൂര്‍വ്വം അവഗണിച്ചുവെന്നും ഇവര്‍ ഹിന്ദുവിരുദ്ധരാണെന്നും ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

രാഹുല്‍ ഗാന്ധിയായാലും വിജയ് ആണെങ്കിലും ഹിന്ദുക്കള്‍ക്ക് ഭരണഘടനയുടെ അനുച്ഛേദം 25,26 പ്രകാരം യാതൊരു അവകാശവും ഇല്ലെന്നാണോ കരുതുന്നതെന്നും ഭാട്ടിയ ചോദിച്ചു. ദല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

‘അവര്‍ ഈ അവകാശങ്ങള്‍ ലംഘിച്ചതിലൂടെ, രണ്ട് മഹാപാപങ്ങളാണ് ചെയ്തതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒന്നാമത്തേത്, അവര്‍ സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചു; അതായത് രാജ്യത്തെ പരമോന്നത കോടതിയില്‍ അവര്‍ക്ക് വിശ്വാസമില്ല എന്നാണ് ഇതിനര്‍ത്ഥം. രണ്ടാമത്തേത്, മൗലികാവകാശങ്ങളിലെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ഓരോ ഹിന്ദുവിനും ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങള്‍ അവര്‍ ലംഘിച്ചു. കാരണം അവര്‍ ഹിന്ദു വിരുദ്ധരാണെന്നത് വളരെ വ്യക്തമാണ്,’ ഭാട്ടിയ പറഞ്ഞു.

തിരുപ്രങ്കുണ്ഡ്രം ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ഭഗവാന്‍ മുരുകന്റെ ഭക്തര്‍ക്കും സനാതന ധര്‍മത്തിനും ലഭിച്ച വലിയ വിജയമാണെന്ന് ഭാട്ടിയ വിശേഷിപ്പിച്ചു. ‘സനാതന വിരുദ്ധ ലോബിക്ക്’ കോടതി നല്‍കിയ ഉചിതമായ മറുപടിയാണിതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി വിജയ്, ഹിന്ദു സമൂഹത്തോടും സനാതന പാരമ്പര്യങ്ങളോടുമുള്ള കടുത്ത വിദ്വേഷം കാരണം ഭരണഘടനാ തത്വങ്ങളെ മനപൂര്‍വ്വം ലംഘിക്കുകയാണെന്നും ഭാട്ടിയ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെയും വിജയിനെയും പരാമര്‍ശിച്ചുകൊണ്ട്, ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം അതിന്റെ അന്തസ്സത്തയെ ലംഘിക്കാന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വരുന്നു എന്നും അദ്ദേഹം ചോദിച്ചു.

ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കുന്നത് ഇന്ത്യ സഖ്യത്തിന്റെയും ടി.വി.കെയുടെയും ഡി.എന്‍.എയില്‍ ഉള്ളതാണെന്ന് ഭാട്ടിയ വിമര്‍ശിച്ചു. 2025 ഡിസംബറില്‍ ദീപം തെളിയിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെതിരെ പ്രതിപക്ഷ സഖ്യം ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ച കാര്യവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും വിജയിക്കും പുറമെ ഇടതുപക്ഷ നേതാക്കളെയും ഭാട്ടിയ തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുന്നത് ഒരു ഫാഷനായി കാണുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള ശക്തമായ താക്കീതാണ് സുപ്രീം കോടതിയുടെ ഉത്തരവെന്നും ഭാട്ടിയ പറഞ്ഞു.

തമിഴ്നാട് ഡി.ജി.പി, എച്ച്.ആര്‍ ആന്‍ഡ് സി.ഇ കമ്മീഷണര്‍, മധുര ജില്ലാ കളക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്, രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശപ്രകാരം അവര്‍

പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും ഭാട്ടിയ ആരോപിച്ചു.

Content Highlight: Defied the Supreme Court, violated Hindu rights; the Vijay government is anti-Sanatana: BJP

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more