| Saturday, 9th May 2026, 12:10 pm

ഇസ്രഈലിന്റെ കടുത്ത ആക്രമണത്തിലും പതറാതെ തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍; മാര്‍പ്പാപ്പയുടെ പിന്തുണ ആശ്വാസമെന്ന് വിശ്വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: ഇസ്രഈലിന്റെ കടന്നുകയറ്റവും കടുത്ത ഉപരോധവും മൂലം ഒറ്റപ്പെട്ടുപോയ തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ അതിജീവനത്തിന്റെ പുതിയ പോരാട്ടത്തില്‍.

സൈനിക ബഫര്‍ സോണായ ‘യെല്ലോ ലൈനിനുള്ളില്‍’ ഇസ്രഈല്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് പതിനായിരത്തോളം വിശ്വാസികളാണ് സ്വന്തം മണ്ണില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നത്.

ഇസ്രഈലിന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മരോനൈറ്റ് ക്രിസ്ത്യന്‍ ഗ്രാമങ്ങളായ റമീഷ്, ഡെബെല്‍, ഐന്‍ എബല്‍ എന്നിവിടങ്ങളിലെ താമസക്കാരാണ് യുദ്ധഭീതിയിലും പലായനം ചെയ്യാന്‍ വിസമ്മതിക്കുന്നത്.

ബിന്റ് ജ്ബെയില്‍ ജില്ലയിലെ റമീഷില്‍ 7,000 പേരും, ഡെബെലില്‍ 1,700 പേരും, ഐന്‍ എബലില്‍ 1,200 പേരും ഇപ്പോഴും താമസിക്കുന്നുണ്ട്. ഹിസ്ബുള്ളയുടെ പ്രത്യക്ഷമായ സൈനിക സാന്നിധ്യമില്ലാത്തതിനാല്‍ ഈ ഗ്രാമങ്ങള്‍ നേരിട്ടുള്ള വ്യോമാക്രമണങ്ങളില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെട്ടെങ്കിലും, ഇസ്രഈല്‍ സൈന്യം റോഡുകളും പാലങ്ങളും തകര്‍ത്തതോടെ ഇവര്‍ പുറംലോകത്തുനിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഏകാന്തതയിലും ഭീതിയിലും കഴിഞ്ഞിരുന്ന ഈ ഗ്രാമങ്ങളിലെ പുരോഹിതന്മാരെ കഴിഞ്ഞ ചൊവ്വാഴ്ച മാര്‍പ്പാപ്പ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.

വത്തിക്കാന്‍ അംബാസഡര്‍ പൗലോ ബോര്‍ജിയയുടെ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ ഒത്തുകൂടിയ പുരോഹിതന്മാര്‍ക്ക് മുന്നിലേക്കാണ് മാര്‍പ്പാപ്പ അപ്രതീക്ഷിതമായി എത്തിയത്.

‘ഭൂമിയിലെ ക്രിസ്തുവിന്റെ പ്രതിനിധി ഒറ്റപ്പെട്ട ഞങ്ങളുടെ ഈ സമൂഹത്തോട് സംസാരിച്ചത് ഞങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചു,’ എന്ന് റമീഷിലെ പുരോഹിതന്‍ ഫാദര്‍ നജീബ് അല്‍-അമില്‍ പറഞ്ഞു. തങ്ങള്‍ മറക്കപ്പെട്ടിട്ടില്ലെന്ന ബോധ്യം ഈ സന്ദേശത്തിലൂടെ ലഭിച്ചതായി ഡെബല്‍ മേയര്‍ അക്ല് നദ്ദാഫും വ്യക്തമാക്കി.

കടുത്ത മാനുഷിക പ്രതിസന്ധിക്കിടയിലും തങ്ങളെ തേടിയെത്തിയ വത്തിക്കാന്‍ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അനുഗ്രഹം തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്ന് ഇവര്‍ പറയുന്നു.

ഏപ്രില്‍ 17 ന് പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗ്രാമങ്ങളിലെ സാഹചര്യം അതീവ ഗുരുതരമാണ്. 70 കിലോമീറ്റര്‍ അകലെയുള്ള സിഡോണിലെ ആശുപത്രിയിലെത്താന്‍ സുരക്ഷിതമായ പാതകളില്ല. മരുന്നുകളുടെ ക്ഷാമം മൂലം കാന്‍സര്‍, വൃക്ക രോഗികള്‍ മരണത്തെ മുഖാമുഖം കാണുകയാണ്.

ചികിത്സ കിട്ടാതെ കഴിഞ്ഞ ആഴ്ചകളില്‍ റമീഷിലും ഡെബെലിലും രോഗികള്‍ മരണപ്പെട്ടു. ഇസ്രഈല്‍ സൈന്യം രോഗികളെ ഒഴിപ്പിക്കാന്‍ അനുവദിക്കാത്തതാണ് മരണകാരണമെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചിട്ടുണ്ട്.

ഡെബെലിലെ കുടിവെള്ള വിതരണത്തിന് ആവശ്യമായ സോളാര്‍ പാനലുകള്‍ ഇസ്രഈലി ബുള്‍ഡോസറുകള്‍ അടുത്തിടെ തകര്‍ത്തിരുന്നു. വൈദ്യുതി ലൈനുകള്‍ നേരത്തെ തന്നെ തകര്‍ക്കപ്പെട്ടതിനാല്‍ ജനങ്ങള്‍ ഇരുട്ടിലാണ്.

യുദ്ധത്തിനപ്പുറം ക്രിസ്ത്യന്‍ മതവിശ്വാസങ്ങളെ മുറിപ്പെടുത്തുന്ന നടപടികളും ഇസ്രഈല്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കന്യാമറിയത്തിന്റെ പ്രതിമയെ അപമാനിക്കുകയും യേശുക്രിസ്തുവിന്റെ രൂപം തകര്‍ക്കുകയും ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. സൈനിക ഭീഷണിയില്ലാത്ത ഗ്രാമങ്ങളില്‍ പോലും ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് വിദ്വേഷത്തിന്റെ ഭാഗമാണെന്ന് ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെ കന്യാമറിയത്തിന്റെ ചുണ്ടില്‍ സിഗരറ്റ് കത്തിക്കുന്ന സൈനികന്റെ ദൃശ്യങ്ങളും ലോകം കണ്ടിരുന്നു.

വാഷിങ്ടണ്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ മെയ് 17 വരെ നീട്ടിയിട്ടുണ്ടെങ്കിലും, അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇസ്രഈല്‍ ഷെല്ലാക്രമണവും വെടനിര്‍ത്തല്‍ ലംഘനങ്ങളും തുടരുകയാണ്.

ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 2,759 പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തുവെന്നാണ് കണക്കുകള്‍. ഈ വലിയ ദുരന്തത്തിനിടയിലും, തങ്ങളുടെ പൈതൃക മണ്ണില്‍ നിന്ന് ഇഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ‘യെല്ലോ ലൈനി’ലെ ഈ ജനത.

Content Highlight: Defiant in Lebanon’s south: Christians stay as Israel advances; pope offers blessing

Latest Stories

We use cookies to give you the best possible experience. Learn more