| Friday, 29th October 2021, 9:02 am

അച്ഛന്‍ മരുന്ന് കഴിച്ച് ഉറങ്ങി; പിരിവിനായി വീട്ടിലെത്തിയ ആള്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശാസ്താംകോട്ട: അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി.ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

അഭയകേന്ദ്രത്തിനു സഹായം അഭ്യര്‍ഥിച്ച് നോട്ടിസുമായി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

ചവറ പടപ്പനാല്‍ മുള്ളിക്കാല വടക്ക് വാടകയ്ക്കു താമസിക്കുന്ന തേവലക്കര മൊട്ടയ്ക്കല്‍ മേക്കരവിള വീട്ടില്‍ അബ്ദുല്‍ വഹാബിനെ (52)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോയും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

മഴ കാരണം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന വഹാബ് കയ്യില്‍ കരുതിയിരുന്ന പൊതിച്ചോറ് അവിടെ ഇരുന്നു കഴിച്ചു. പിന്നാലെ ടിവി കാണാന്‍ എന്ന പേരില്‍ അകത്തുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഇളയ സഹോദരനും ഇവരുടെ അച്ഛനും ആ സമയം വീട്ടിലുണ്ടായിരുന്നു.

കുട്ടിയുടെ അച്ഛന്‍ മരുന്ന് കഴിച്ച് മയക്കത്തിലായിരുന്നു. ഈ സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നു കുട്ടിയെ സന്ധ്യയോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരം നല്‍കി.നോട്ടിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും വീട്ടുകാരില്‍ നിന്നുള്ള സൂചനകളുടെയും അടിസ്ഥാനത്തില്‍ അഭയകേന്ദ്രത്തിലെത്തിയ പൊലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു.

രാത്രിയില്‍ വാടക വീട്ടില്‍ നിന്ന് ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുന്‍പും ഒരു പീഡനക്കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

Content highlights: Defendant remanded in custody for raping eight-year-old girl

We use cookies to give you the best possible experience. Learn more