| Monday, 27th April 2026, 12:14 pm

കൂറുമാറ്റത്തിന് അംഗീകാരം; ആം ആദ്മി വിട്ട എം.പിമാരുടെ ബി.ജെ.പി ലയനം ശരിവെച്ച് രാജ്യസഭാ അധ്യക്ഷൻ

മുഹമ്മദ് നബീല്‍

ന്യൂദൽഹി: രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ അംഗങ്ങളുടെ ബി.ജെ.പി ലയനം ഔദ്യോഗികമായി അംഗീകരിച്ചു. ഈ തീരുമാനത്തോടെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം പത്തിൽ നിന്ന് മൂന്നായി കുറയുകയും ബി.ജെ.പിയുടെ അംഗബലം 113 ആയി വർധിക്കുകയും ചെയ്തു.

ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കളായ രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നിർണ്ണായക നീക്കം നടന്നത്. ഇവർ ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് പാർട്ടി പ്രവേശം സാധ്യമാക്കിയത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, സ്വാതി മലിവാൾ, വിക്രംജിത് സിങ് സാഹ്നി, രാജീന്ദർ ഗുപ്ത എന്നിവരും ഈ സംഘത്തിലുണ്ട്.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നുള്ള അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപെട്ടതോടെയാണ് കൂറുമാറ്റം സാധ്യമായത്.

ആം ആദ്മി പാർട്ടിക്ക് 10 രാജ്യസഭാ അംഗങ്ങളാണുണ്ടായിരുന്നത്, ഇതിൽ 7 പേർ കൂറുമാറിയതോടെ പാർട്ടിക്ക് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ രാജ്യസഭയിൽ ബി.ജെ.പിയുടെ കരുത്ത് വർദ്ധിക്കുകയും ആം ആദ്മി പാർട്ടി വൻ പ്രതിസന്ധിയിലാവുകയും ചെയ്തു.

അഴിമതി വിരുദ്ധത മുഖമുദ്രയാക്കിയ പാർട്ടി ആ തത്വത്തിൽനിന്നും വ്യതിചലിച്ചതും പാർട്ടിയിൽ തങ്ങൾ അനുഭവിക്കുന്ന അവഗണനയുമാണ് പാർട്ടിവിടാൻ കാരണമായി എം.പിമാർ ചൂണ്ടിക്കാട്ടുന്നത്.

ഈ ലയനം ഒരു ഭരണഘടനാപരമായ വഞ്ചന ആണെന്നും പഞ്ചാബിലെ ജനവിധിയെ വഞ്ചിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ അധ്യക്ഷന് കത്തുനൽകിയിരുന്നു.

Content Highlight: Defection approved; Rajya Sabha Chairman confirms merger of MPs who left Aam Aadmi Party with BJP

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more