വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് സൗത്ത് ആഫ്രിക്ക ജേതാക്കളായിരുന്നു. കങ്കാരുപ്പടയ്ക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് പ്രോട്ടിയാസ് നേടിയത്.
സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് സൗത്ത് ആഫ്രിക്ക ആദ്യ കിരീടത്തിൽ മുത്തമിട്ടത്. വിജയത്തോടെ ചോക്കേഴ്സ് എന്ന വിളിപ്പേരിനെ പടിക്ക് പുറത്താക്കാനും ബാവുമയുടെ സംഘത്തിനായി.
വിജയത്തോടെ 26 വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് വിരാമമിടാൻ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. കന്നി കിരീടധാരണത്തിൽ തങ്ങളുടെ ചരിത്രം മാത്രമല്ല പ്രോട്ടിയാസ് തിരുത്തി എഴുതിയത്. എതിരാളികളായ ഓസ്‌ട്രേലിയയുടേത് കൂടിയാണ്.
ഡിഫൻഡിങ് ചാമ്പ്യന്മാരായാണ് ഓസ്ട്രേലിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയിരുന്നത്. ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇറങ്ങിയിരുന്നത്.
ഐ.സി.സി ഇവന്റുകളിലെ നോക്ക്ഔട്ട് ഘട്ടങ്ങളിൽ പരിചയപ്പെടുന്നവർ എന്ന ചീത്തപ്പേരുമായി എത്തുന്ന പ്രോട്ടിയാസിനെ അനായാസം കീഴടക്കാമെന്ന് കരുതിയ കങ്കാരു പടയ്ക്ക് പിഴക്കുകയായിരുന്നു. തങ്ങളുടെ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റതോടെ ഫൈനലുകളിലെ തുടർച്ചയായ വിജയം എന്ന ഓസ്‌ട്രേലിയയുടെ റെക്കോഡാണ് തകർന്നത്.
15 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ ഒരു ഫൈനലിൽ തോൽവി രുചിക്കുന്നത്. 2010 ടി – 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഓസ്ട്രേലിയ ഒരു ഐ.സി.സി ഫൈനലിൽ തോറ്റത്.
സൗത്ത് ആഫ്രിക്കയുടെ വിജയത്തോടെ ഓസ്‌ട്രേലിയയുടെ മാത്രമല്ല വിന്നിങ് സ്ട്രീക് അവസാനിച്ചത്. ഓസ്‌ട്രേലിയയുടെ കരുത്തരായ രണ്ട് താരങ്ങളുടേത് കൂടിയാണ്. ഫാസ്റ്റ് ബൗളർമാരായ ജോഷ് ഹേസൽവുഡും മിച്ചൽ സ്റ്റാർക്കും ഇത് ആദ്യമായാണ് തങ്ങളുടെ കരിയറിൽ ഒരു പ്രധാനപ്പെട്ട ഇവെന്റിലെ ഫൈനലിൽ തോൽക്കുന്നത്.
ഇതുവരെ കളിച്ച എല്ലാ ഫൈനലുകളിലും ഇരു താരങ്ങളും വിജയിച്ചിരുന്നു. ഹേസൽവുഡ് അടുത്തിടെ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം തന്റെ ഫൈനലുകളിലെ വിജയം ആവർത്തിച്ചിരുന്നു.
ഹേസൽവുഡും സ്റ്റാർക്കും 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫൈനലിൽ തോറ്റത്. 2012ൽ ഹേസൽവുഡ് ചാമ്പ്യൻസ് ലീഗ് ടി -20യിലാണ് അവസാനമായി പരാജയപ്പെട്ടത്. അതേസമയം, ആ വർഷം ബിഗ് ബാഷ് ലീഗിലുമാണ് തോൽവി അറിഞ്ഞത്.
Content Highlight: Defeat in World Test Championship ended the 15 years winning streak of Australia and 13 years of Josh Hazelwood and Mitchell Starc