മാഡ്രിഡ് ഡെര്‍ബിയിലേറ്റ തോല്‍വിക്ക് പിന്നാലെ റഫറീയിങ്ങിനെതിരെ പ്രസ്താവനയുമായി റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം മെട്രൊപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെയാണ് റഫറി ഓര്‍ട്ടിസ് അറിയാസിനെതിരെ വിമര്‍ശനവുമായി റയല്‍ രംഗത്തെത്തിയത്.
അത്‌ലറ്റിക്കോ മാഡ്രിഡിന് അനുകൂലമായ രീതിയിലാണ് റഫറി മത്സരം നിയന്ത്രിച്ചത് എന്നാണ് റയലിന്റെ ആരോപണം.
മത്സരത്തിന്റെ 35ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിനെ സ്റ്റഡ് ചെയ്ത അത്‌ലറ്റിക്കോ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് റെഡ് കാര്‍ഡ് നല്‍കേണ്ടതായിരുന്നു. ആദ്യം ബെല്ലിങ്ഹാമിന് മഞ്ഞക്കാര്‍ഡ് കാണിച്ച റെഫറി, വാര്‍ മോണിറ്റര്‍ പരിശോധിച്ച ശേഷം അത് റദ്ദാക്കി റൊമേറോയ്ക്ക് മഞ്ഞക്കാര്‍ഡ് നല്‍കുക മാത്രമാണ് ചെയ്തത്. റൊമേറോയെ നേരിട്ട് പുറത്താക്കണമായിരുന്നുവെന്ന് റയല്‍ വാദിക്കുന്നു.
ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫെഡ്രിക്കോ വാല്‍വെര്‍ദെയെയും സ്റ്റഡ് ചെയ്തുവെന്നും, ഇത് ചെയ്ത അത്‌ലറ്റിക്കോ താരം കാങ് ഇന്‍ ലീയ്ക്ക് യെല്ലോ കാര്‍ഡ് പോലും നല്‍കിയില്ല.
റഫറിയുടെ തൊട്ടുമുന്നില്‍ ഈ സംഭവം നടന്നിട്ടും കാങ് ഇന്‍ ലീയെ പുറത്താക്കാനോ കാര്‍ഡ് കാണിക്കാനോ വാര്‍ നല്‍കാനോ തയ്യാറായില്ലെന്നും റയല്‍ ആരോപിക്കുന്നു.
ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോയുടെ രണ്ട് താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് ലഭിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നിട്ടും അത് അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ റയല്‍, രണ്ടാം പകുതിയില്‍ തങ്ങളുടെ ഡിഫന്‍ഡര്‍ ഡീന്‍ ഹുയ്‌സെന് റെഡ് കാര്‍ഡ് ലഭിച്ചതും തിരിച്ചടിയായതായി വ്യക്തമാക്കി.
ഹുയ്‌സെന്‍ പുറത്തായതിന് പിന്നാലെ അത്‌ലറ്റിക്കോ രണ്ട് ഗോളുകള്‍ നേടുകയും ഒടുവില്‍ അന്റോണിയോ റൂഡിഗര്‍ റയലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തുകയുമായിരുന്നു.
അതേസമയം, ഡെര്‍ബിയിലെ തോല്‍വിക്ക് പിന്നാലെ റയല്‍ മാഡ്രിഡ് ലാ ലിഗ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി 15 പോയിന്റാണ് ടീമിനുള്ളത്.
അത്‌ലറ്റിക്കോ മാഡ്രിഡ് 16 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 16 പോയിന്റുമായി റയല്‍ ബെറ്റിസാണ് മൂന്നാമത്.
കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയിച്ച് 21 പോയിന്റുമായി റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരങ്ങള്‍ക്ക് ശേഷം ആറ് പോയിന്റിന്റെ വ്യത്യാസം റയലും ബാഴ്‌സയും തമ്മിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഒക്ടോബര്‍ 11നാണ് റയല്‍ മാഡ്രിഡ് അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ വിയ്യാറയലാണ് എതിരാളികള്‍.
Content Highlight: Defeat against Atletico at the derby; Real Madrid issues statement citing evidence against the referee.