| Tuesday, 6th October 2026, 1:37 pm

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കി; ജനം ടി.വി 100 കോടി നഷ്ടപരിപാരം നല്‍കണം: നോട്ടീസയച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

നിഷാന. വി.വി

കൊച്ചി: ജനം ടി.വിക്കെതിരെ നിയമ നടപടിയുമായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്. അപകീര്‍ത്തികരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെന്ന് കാണിച്ചാണ് നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായി ദ ന്യൂഇന്ത്യന്‍ എക്സ്പ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റി എന്നായിരുന്നു ജനം ടിവി പ്രസിദ്ധീകരിച്ച വാര്‍ത്ത. എക്സ്പ്രസ് പബ്ലിക്കേഷന്‍സ് (മധുര) പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ലക്ഷ്മി മേനോനാണ് ജനം ടി.വിക്കെതിരെ നോട്ടീസ് അയച്ചത്.

സ്ഥാപനത്തിന്റെ പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ജനം വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ആരോപിക്കുന്ന തരത്തിലുള്ള യാതൊരു റിപ്പോര്‍ട്ടും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.

യാതൊരു വിധത്തിലുള്ള സ്ഥിരീകരണവുമില്ലാതെയാണ് ജനം ടി.വി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത് സ്ഥാപനത്തെ മോശമായി ബാധിച്ചെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

അതിനാല്‍ ഈ വാര്‍ത്ത എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യണമെന്നും വാര്‍ത്ത നല്‍കിയ അതേ പ്രധാന്യത്തില്‍ തിരുത്ത് സംപ്രേഷണം ചെയ്യണമെന്നും നോട്ടിസിലുണ്ട്.

കൂടാതെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം 100 കോടി നല്‍കണമെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടീസില്‍ പറഞ്ഞ കാര്യങ്ങള്‍ മുപ്പത് ദിവസത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രമിനല്‍ നടപടികളിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Defamatory report published; The New Indian Express sends notice demanding ₹100 crore in damages from Janam TV.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more