| Wednesday, 3rd September 2025, 10:13 pm

അപകീര്‍ത്തികരമായ പരാതി; മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാതി നല്‍കി വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് കടകംപള്ളി സുരേന്ദ്രന്‍. അഡ്വ. എം. മുനീറിനാണ് എം.എല്‍.എ വക്കീല്‍ നോട്ടീസ് അയച്ചത്.

15 ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. അഡ്വ. ശാസ്തമംഗലം അജിത് മുഖേനയാണ് എം.എല്‍.എ നോട്ടീസ് അയച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു എം. മുനീറിന്റെ പരാതി. മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ മോശമായി പെരുമാറുകയും സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം.

ഈ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പോത്തന്‍കോട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ എം. മുനീര്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴിയെടുക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പിക്കാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.

ലൈംഗിക വിവാദങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ സ്വപ്ന സുരേഷ് നേരിട്ട് പരാതി നല്‍കാത്തിടത്തോളം കടകംപള്ളി സുരേന്ദ്രനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Content Highlight: Kadakampally Surendran sends legal notice for defamation to congress Adv M. Muneer

We use cookies to give you the best possible experience. Learn more