| Wednesday, 1st April 2026, 9:00 pm

ഗീതുവാന്റിയുടെ കോള്‍ വന്നതും ഞാനും അച്ഛനും വണ്ടറടിച്ചു; മുല്ലയ്ക്ക് ലഭിച്ച സ്നേഹമാണ് പ്രോത്സാഹനമായത്: സഞ്ജന ദീപു

ഐറിന്‍ മരിയ ആന്റണി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിലെ മുല്ലയായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സഞ്ജന ദീപു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സീരീസും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു. വിനായക് ശശികുമാര്‍ തിരക്കഥയെഴുതിയ റോസ്‌ലിനില്‍ മികച്ച പെര്‍ഫോമന്‍സാണ് സഞ്ജന കാഴ്ച്ചവെച്ചത്.

ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് ആദ്യമായി വന്ന അനുഭവം പങ്കുവെക്കുകയാണ് സഞ്ജന ദീപു. സിനിമ കാണാന്‍ പോയി സിനിമാ നടിയായ ആളാണ് താനെന്ന് നടി പറയുന്നു.

‘ഒരിക്കല്‍ തിയറ്റില്‍ വച്ച് ഗീതുവാന്റിയെ (ഗീതു മോഹന്‍ദാസ്) കണ്ടു. പരിചയപ്പെട്ടപ്പോള്‍ തേടി നടന്ന ആരെയോ കണ്ടപോലെ ആന്റി അല്‍പനേരം നോക്കിനിന്നു. ‘എന്റെ സൗന്ദര്യം കണ്ടു സിനിമയില്‍ എടുക്കുമായിരിക്കും’ എന്ന് അന്നു ഞാന്‍ അച്ഛനോടു തമാശ പറഞ്ഞു. പിറ്റേന്ന് ഗീതുവാന്റിയുടെ ഫോണ്‍. ‘സഞ്ജനയുമായി മൂത്തോന്‍ സിനിമയുടെ ഓഡിഷന്‍ വരാമോ’ എന്ന ചോദ്യം കേട്ട് അച്ഛനും ഞാനും വണ്ടറടിച്ചു പോയി.

ഞാന്‍ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ജന്മദിനത്തിന് ഒരു ടാസ്‌ക്ക് ഉണ്ട്. സ്റ്റേജില്‍ കയറി നിന്ന് പേരും ക്ലാസും വലുതാകുമ്പോള്‍ ആരാകുമെന്നും പറയണം. എനിക്ക് ഒരാഗ്രമേ പറയാനുള്ളൂ… ‘ഐ വുഡ് ലൈക് ടു ബി ആന്‍ ആക്ട്ര്‍.’ പല സിനിമകളുടെയും കാസ്റ്റിങ് കോള്‍ കണ്ടു വീട്ടില്‍ പറയുമ്പോള്‍ അച്ഛന്‍ നോ പറ യും,’ ദീപു സഞ്ജന പറയുന്നു.

ഒരാഗ്രഹത്തിനും എതിരു നില്‍ക്കാത്ത അച്ഛനെന്താ സിനിമയോട് ഇത്ര മാത്രം നോ പറയുന്നത് എന്ന് ചിന്തി ച്ചിരുന്നുവെന്നും മൂത്തോന് ‘യെസ്’ പറഞ്ഞപ്പോഴാണ് മനസിലായത് നല്ല അവസരത്തിനായി കാത്തിരിക്കുകയാണെന്നും ദീപു സഞ്ജന പറഞ്ഞു. മൂത്തോനിലെ മുല്ലയ്ക്ക് ലഭിച്ച സ്‌നേഹമാണ് തന്റെ അഭിനയമോഹത്തിന് പ്രോത്സാഹനമായതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ലയേഴ്‌സ് ഡയസ് എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മൂത്തോന്‍’. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ല്‍, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു സഹോദരിയുടെ കഥയാണ് പറയുന്നത്.

ഗീതു മോഹന്‍ദാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. നിവിന്‍ പോളിയാണ് സിനിമയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത്.

Content Highlight:  Deepu Sanjana shares memories of getting an opportunity in Moothon

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more