| Sunday, 28th June 2026, 6:14 pm

ഒറ്റ വിക്കറ്റില്‍ ചരിത്രം പിറക്കും; ലോക റെക്കോഡ് നോട്ടമിട്ട് ദീപ്തി

ഫസീഹ പി.സി.

ഐ.സി.സി വനിത ടി- 20 ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ വനിതകള്‍. ലോര്‍ഡ്സില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ടൂര്‍ണമെന്റില്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. മറുവശത്ത് നാല് മത്സരത്തില്‍ വിജയിച്ചെത്തുന്ന ഓസീസ് അപരാജിതരായായി മുന്നേറാനാവും ലക്ഷ്യമിടുന്നത്.

ദീപ്തി ശർമ. Photo: BCCIWomen/x.com

ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം എന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കുള്ളത്.

നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഇന്ത്യന്‍ ഇതിഹാസം ജുലന്‍ ഗോസ്വാമിക്കൊപ്പമാണ് ദീപ്തി. ഇരുവരും 355 വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് ഒന്നാം സ്ഥാനം കൈപിടിയിലൊതുക്കിയിരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ ദീപ്തിക്ക് ജുലനെ പിന്തള്ളി ഈ നേട്ടം തന്റെ പേരില്‍ കുറിക്കാന്‍ സാധിക്കും.

വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

ജുലന്‍ ഗോസ്വാമി – ഇന്ത്യ – 355

ദീപ്തി ശര്‍മ – ഇന്ത്യ – 355

കാതറിന്‍ സ്‌കൈവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – 335

എല്ലിസ് പെറി – ഓസ്ട്രേലിയ – 332

സോഫി എക്ലെസ്റ്റോണ്‍ – ഇംഗ്ലണ്ട് – 327

ഷബ്നം ഇസ്മായില്‍ – സൗത്ത് ആഫ്രിക്ക – 318

അതേസമയം, ലോകകപ്പില്‍ ദീപ്തി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നാല് ഇന്നിങ്സില്‍ കളിച്ച താരം ഇതുവരെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരെ പത്ത് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഓള്‍റൗണ്ടറുടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

Content Highlight: Deepti Sharma needs one wicket to became top wicket taker in International Women’s Cricket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more