| Sunday, 19th October 2025, 8:01 pm

ഇംഗ്ലണ്ടിനെതിരെ ദീപ്തിയുടെ താണ്ഡവം; എറിഞ്ഞ് വീഴ്ത്തിയത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലിള്ള മത്സരം ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് നേടിയത്.

ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരം ഹീതര്‍ നൈറ്റാണ്. 91 പന്തില്‍ 109 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം തിളങ്ങിയത്. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. റണ്‍ ഔട്ടിലാണ് താരം പുറത്താക്കിയത്. ഹീതറിന് പുറമെ 68 പന്തില്‍ 56 റണ്‍സ് നേടിയ ആമി ജോണ്‍സും മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ട് 38 റണ്‍സും ഓപ്പണര്‍ തമ്‌സിന്‍ ബ്യൂമോണ്ട് 22 റണ്‍സും നേടിയാണ് മടങ്ങിയത്.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് സ്പിന്നര്‍ ദീപ്തി ശര്‍മയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 51 റണ്‍സ് വഴങ്ങി 5.10 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. ഇതോടെ ഒരു കിടിലന്‍ റെക്കോഡും ദീപ്തി കൈപ്പിടിയിലാക്കി. ഇന്ത്യയ്ക്ക് വേണ്ടി ഹോം വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 4+ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ദീപ്തി സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ നീതു ഡേവിഡിനൊപ്പമെത്താനും ദീപ്തിക്ക് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഹോം വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 4+ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

ദീപ്തി ശര്‍മ – 5 – 48 ഇന്നിങ്‌സ്

നീതു ഡേവിഡ് – 5 – 33 ഇന്നിങ്‌സ്

ജുലേന്‍ ഗോസ്വാമി – 4 – 74 ഇന്നിങ്‌സ്

പൂനം യാദവ് – 3 – 21 ഇന്നിങ്‌സ്

മാത്രമല്ല ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 153 വിക്കറ്റ് പൂര്‍ത്തിയാക്കാനും ദീപ്തിക്ക് സാധിച്ചത്. കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ദീപ്തിക്കാണ്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് മുന്‍ താരം ജുലേന്‍ ഗോസ്വാമിയാണ്. 255 വിക്കറ്റുകളാണ് താരം നേടിയത്.

മത്സരത്തില്‍ ദീപ്തിക്ക് പുറമെ നല്ലപുറെഡ്ഡി ചരണി രണ്ട് വിക്കറ്റുകളും നേടിയിരുന്നു. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് നേടിയത്. ഓപ്പണര്‍ പ്രതിക റവാള്‍ ആറ് റണ്‍സിനും ഹര്‍ലീന്‍ ഡിയോള്‍ 24 റണ്‍സിനും കൂടാരം കയറി. നിലവില്‍ സ്മൃതി മന്ഥാനയും (21) ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറുമാണ് (16) ക്രീസില്‍.

Content Highlight: Deepti Sharma In Great Record Achievement

We use cookies to give you the best possible experience. Learn more