| Friday, 26th December 2025, 9:21 pm

ഐ.സി.സിയുടെ ഒന്നാം റാങ്കിനൊപ്പം ഇനി സൂപ്പര്‍നേട്ടത്തിലും തലപ്പത്ത്; ദീപ്തി തിളങ്ങുന്നു

ഫസീഹ പി.സി.

ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള മൂന്നാം ടി – 20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റിന് 67 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 53 റണ്‍സെടുത്ത ഷെഫാലി വര്‍മയും 14 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ജെമീമ റോഡ്രിഗസുമാണ് ക്രീസിലുള്ളത്.

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ ഏഴ് വിക്കറ്റിന് 112 റണ്‍സാണ് എടുത്തത്. ഇന്ത്യയുടെ ബൗളിങ് കരുത്തിന് മുമ്പില്‍ സന്ദര്‍ശകര്‍ വിറക്കുകയായിരുന്നു. ഇന്ത്യക്കായി രേണുക സിങ് തകക്കൂര്‍ നാല് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മയും മികച്ച പ്രകടനം നടത്തി.

മത്സരത്തിനിടെ ടീമംഗങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദീപ്തി ശർമ. Photo: BCCI Women/x.com

മത്സരത്തില്‍ ദീപ്തി മൂന്ന് വിക്കറ്റുകളാണ് സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തത്. നാല് ഓവറില്‍ വെറും 18 റണ്‍സ് വിട്ടു കൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം. ഐ.സി.സിയുടെ ടി – 20 ബൗളിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരി 4.50 എക്കോണമിയിലായിരുന്നു പന്തെറിഞ്ഞത്.

ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനും ദീപ്തിക്ക് സാധിച്ചു. അന്താരാഷ്ട്ര വനിതാ ടി – 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം എന്ന നേട്ടമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്. 151 വിക്കറ്റുമായാണ് താരം തലപ്പത്തുള്ളത്. എന്നാല്‍, ഈ നേട്ടത്തില്‍ താരം ഒറ്റക്കല്ല. ഓസ്ട്രേലിയന്‍ താരം മേഗന്‍ തട്ടും ഇത്ര തന്നെ വിക്കറ്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

വനിതാ ടി – 20 യില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ദീപ്തി ശര്‍മ – ഇന്ത്യ – 128 – 151

മേഗന്‍ ഷട്ട് – ഓസ്‌ട്രേലിയ – 122 – 151

ഹെന്റിയറ്റ് ഇഷിംവെ – റവാഡ – 111 – 144

നിദ ടാര്‍ – പാകിസ്ഥാന്‍ – 152 – 144

സോഫി എക്ലെസ്റ്റോണ്‍ – ഇംഗ്ലണ്ട് – 100 – 142

മത്സരത്തില്‍ ശ്രീലങ്കക്കായി ഇമേശ ദുലാനിയും ഹസിനി പെരേരയും ഭേദപ്പെട്ട പ്രകടനം നടത്തി. ദുലാനി 32 പന്തില്‍ 27 റണ്‍സും പെരേര 18 പന്തില്‍ 25 റണ്‍സും സ്‌കോര്‍ ചെയ്തു. ഒപ്പം കവിഷ ദില്‍ഹാരി (13 പന്തില്‍ 20), കൗഷാനി നുത്യംഗന (16 പന്തില്‍ 19*) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

Content Highlight: Deepti Sharma becomes the joint-highest wicket-taker in Women’s T20Is

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more