| Monday, 29th June 2026, 8:35 am

ചരിത്രം കുറിച്ച് ദീപ്തി; ഒറ്റ വിക്കറ്റില്‍ തൂക്കിയത് ലോക റെക്കോഡ്

ഫസീഹ പി.സി.

അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ. വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം എന്ന നേട്ടമാണ് 28കാരി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഐ.സി.സി വനിത ടി – 20 ലോകകപ്പില്‍ നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിലാണ് താരത്തിന്റെ നേട്ടം.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ഒരു വിക്കറ്റ് നേടിയിരുന്നു. ഓസീസ് ഓപ്പണര്‍ ബെത് മൂണിയെയാണ് താരം പുറത്താക്കിയത്. നാല് ഓവറില്‍ 31 റണ്‍സ് വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം. 7.75 എക്കോണമിയിലായിരുന്നു ഓള്‍ റൗണ്ടര്‍ പന്തെറിഞ്ഞത്.

ഇന്ത്യന്‍ ഇതിഹാസം ജുലന്‍ ഗോസ്വാമിയെ മറികടന്നാണ് ദീപ്തി വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് ടെയ്ക്കറായത്‌.. മത്സരത്തിന് മുമ്പ് ദീപ്തിയും ഗോസ്വാമിയും 355 വിക്കറ്റുകളുമായി ഈ നേട്ടത്തില്‍ ഒന്നാമത്. വേണ്ട അതേ ഒരു വിക്കറ്റ് വീഴ്ത്തിയാണ് ഓള്‍റൗണ്ടറുടെ ചരിത്രനേട്ടം.

വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

ദീപ്തി ശര്‍മ – ഇന്ത്യ – 356

ജുലന്‍ ഗോസ്വാമി – ഇന്ത്യ – 355

കാതറിന്‍ സ്‌കൈവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – 335

എല്ലിസ് പെറി – ഓസ്‌ട്രേലിയ – 332

സോഫി എക്ലെസ്റ്റോണ്‍ – ഇംഗ്ലണ്ട് – 327

ഷബ്‌നം ഇസ്മായില്‍ – സൗത്ത് ആഫ്രിക്ക – 318

അതേസമയം, ഓസീസ് വനിതകളോട് പരാജയപ്പെട്ട ഇന്ത്യ ടി – 20 ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. ലോര്‍ഡ്സില്‍ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി.

ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് വനിതകള്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. എലിസ് പെറിയുടെയും ആഷ്ലി ഗാര്‍ഡ്‌നറുടെയും മികവിലാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Content Highlight: Deepti Sharma become highest wicket taker in International Women’s Cricket by surpassing Jhulan Goswami

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more