2026 വിമണ്‍സ് ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ തായ്ലാന്‍ഡിനെതിരെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്‌ലാന്‍ഡ് 16.1 ഓവറില്‍ 65 റണ്‍സിന് പുറത്തായി.
ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയ ദീപ്തി ശര്‍മയാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്. വെറും 1.1 ഓവര്‍ മാത്രം പന്തെറിഞ്ഞ ദീപ്തി ഒറ്റ റണ്‍സ് പോലും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഇന്റര്‍നാഷണല്‍ ടി-20യില്‍ ഒരു റണ്‍സ് പോലും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമാണ് ദീപ്തി. വനിത ടി-20യില്‍ ഒരു പൂര്‍ണ അംഗ രാജ്യത്തില്‍ നിന്നുള്ള താരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് ദീപ്തി. 2012ല്‍ ശ്രീലങ്കന്‍ താരം എസ്.കെ. ഡോളവാട്ടെയും 2018ല്‍ പാകിസ്ഥാന്‍ താരം അനം അമീന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയത്.
അതേസമയം ദീപ്തിക്ക് പുറമെ നന്ദിനി ശര്‍മ, ശ്രീ ചരണി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. തായ്ലന്‍ഡ് നിരയില്‍ പൊരുതി നിന്നത് നന്നപട്ട് കൊഞ്ചരോയെന്‍കായ് മാത്രമാണ്. 48 പന്തില്‍ നിന്നും 41 റണ്‍സാണ് താരം നേടിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കാണാനായില്ല.
ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ യുവതാരം ഷെഫാലി വര്‍മയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 36 പന്തില്‍ നിന്നും 64 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. എട്ട് ഫോറും മൂന്ന് സിക്സറും അടക്കം 177.748 എന്ന സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. 22 റണ്‍സ് നേടിയ പ്രതീക റാവലാണ് ഇന്ത്യയുടെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
തായ്ലാന്‍ഡിനായി സുലീപോന്‍ ലവോമി മൂന്ന് വിക്കറ്റ് വീഴ്ത്തി. സുനിദ ചതുരോംഗ്രഥാന രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാനിദ സുത്തിരുവാങ്ങും ക്യാപ്റ്റന്‍ തിപാച്ച പുത്തോവാങ്ങും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ടൂര്‍ണമെന്റില്‍ സെപ്റ്റംബര്‍ മൂന്നിന് ഹോങ്കോങിനെതിരെയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം.
Content Highlight: Deepthi Sharma create a new history in Indian cricket