| Tuesday, 23rd December 2025, 4:31 pm

ഓസ്ട്രേലിയന്‍ താരത്തെ മലര്‍ത്തിയടിച്ച് ദീപ്തി; ഇനി സിംഹാസനം ഇവള്‍ക്ക് സ്വന്തം

ഫസീഹ പി.സി.

ഐ.സി.സി. വനിതാ ടി – 20 ബൗളിങ് റാങ്കിങ്ങില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ. പുതുതായി ഐ.സി.ഐ പുറത്ത് വിട്ട റാങ്കിങ്ങില്‍ താരം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 737 റേറ്റിങ് പോയിന്റ് നേടിയാണ് ദീപ്തി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടുന്നത് ഇത് ആദ്യമായാണ്.

ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡിനെ മറികടന്നാണ് ദീപ്തിയുടെ ഈ നേട്ടം. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ സതര്‍ലാന്‍ഡ് ടി -20യില്‍ ഒന്നാം സ്ഥാനം കൈവശം വെച്ചിരിക്കുകയായിരുന്നു.

ദീപ്തി ശർമ. Photo: Crickinformer/x.com

താരത്തിന്റെ മാസങ്ങളുടെ ആധിപത്യത്തിനാണ് ദീപ്തി ഇപ്പോള്‍ ചെക്ക് വെച്ചിരിക്കുന്നത്. സതര്‍ലാന്‍ഡിന് നിലവില്‍ 736 പോയിന്റാണുള്ളത്. ഒറ്റ റേറ്റിങ് പോയിന്റിനാണ് ദീപ്തി ഓസ്ട്രേലിയന്‍ താരത്തെ മറികടന്നത്.

ശ്രീലങ്കക്ക് എതിരെയുള്ള ഒന്നാം മത്സരത്തിലെ പ്രകടനത്തിന്റെ മികവിലാണ് ദീപ്തി ഒന്നാം സ്ഥാനം തന്റെ അക്കൗണ്ടിലെത്തിച്ചത്. മത്സരത്തില്‍ ഇന്ത്യയ്ക്കായി താരം ഒരു വിക്കറ്റ് നേടിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ് വെറും 20 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ നേട്ടം.

അന്നബെൽ  സതർലാൻഡ്. Photo: Mufaddal Vohra/x.com

അതേസമയം, ദീപ്തി ഒന്നാം സ്ഥാനം നേടിയെങ്കിലും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല. 14, 15 സ്ഥാനങ്ങളിലുള്ള രേണുക സിങ് താക്കൂര്‍, രാധ യാദവ് എന്നിവരാണ് പിന്നീട് ഈ റാങ്കിങ്ങില്‍ വരുന്ന ഇന്ത്യന്‍ താരങ്ങള്‍.

സാദിയ ഇക്ബാല്‍ (പാകിസ്ഥാന്‍), സോഫി എക്ക്‌ലസ്റ്റോണ്‍ (ഇംഗ്ലണ്ട്), ലൗറന്‍ ബെല്‍ (ഇംഗ്ലണ്ട്) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളവര്‍.

Content Highlight: Deepthi Sharma claim no.1 spot in ICC Women’s T20 bowling ranking by surpassing Australian player Annabel Sutherland

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more