സിനിമാപ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. ഇന്‍ഡസ്ട്രിയുടെ നെറുകില്‍ നില്‍ക്കുന്ന ദീപിക തുടര്‍ച്ചയായി മൂന്ന് തവണ 1000 കോടി സിനിമകളില്‍ ഭാഗമായി മാറി. പത്താന്‍, ജവാന്‍, കല്‍ക്കി 2898 എ.ഡി എന്നീ ചിത്രങ്ങളിലാണ് ദീപിക ഭാഗമായത്. ഇതോടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലയേറിയ താരമായി ദീപിക പദുകോണ്‍ മാറി.
എന്നാല്‍ കഴിഞ്ഞ ദിവസം തെലുങ്ക് ചിത്രം കല്‍ക്കിയുടെ തുടര്‍ഭാഗങ്ങളില്‍ നിന്ന് ദീപിക പദുകോണിനെ നിര്‍മാതാക്കള്‍ പുറത്താക്കിയിരുന്നു. താരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകാത്തതിനാലാണ് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ദീപികെ മാറ്റിയത്. താരത്തിന്റെ സിനിമാഭാവിക്ക് നിര്‍മാതാക്കള്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു.
വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെക്കുറിച്ചാണ് ദീപിക പുതിയ പോസ്റ്റ് പങ്കുവെച്ചത്. ദീപികയും ഷാരൂഖും കൈകോര്‍ത്ത് ഇരിക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റില്‍ നല്‍കിയത്. വിവാദങ്ങളെക്കുറിച്ച് മിണ്ടാതെ തന്റെ അഭിപ്രായം മാത്രമാണ് താരം പങ്കുവെച്ചത്.
’18 വര്‍ഷം മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ഷൂട്ടിനിടെ ഷാരൂഖ് എനിക്ക് ഒരു പാഠം പഠിപ്പിച്ചു തന്നു. ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും ആരുടെ കൂടെയാണ് സഹകരിക്കുന്നതും എന്നത് ആ സിനിമയുടെ വിജയത്തെക്കാള്‍ പ്രധാനമാണ്. അതായിരുന്നു സിനിമാലോകത്ത് നിന്ന് എനിക്ക് ലഭിച്ച ആദ്യത്തെ പാഠം.
അന്നുമുതല്‍ ഇന്നുവരെ ആ പാഠമാണ് ഞാന്‍ എന്റെ എല്ലാ സിനിമകളിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. അതൊക്കെ കൊണ്ടാണെന്ന് തോന്നുന്നു, ആറാം തവണയും നമ്മള്‍ വീണ്ടും ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത്,’ ദീപിക പദുകോണ്‍ പറഞ്ഞു. ഷാരൂഖിന്റെ പുതിയ ചിത്രമായ കിങ്ങിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയാണ് ദീപികയുടെ പോസ്റ്റ് വന്നത്.
കല്‍ക്കിക്ക് മുമ്പ് പ്രഭാസ് നായകനാകുന്ന സ്പിരിറ്റില്‍ നിന്നും ദീപിക പുറത്തായിരുന്നു. താരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകാത്തതിനാലാണ് ദീപികയെ സന്ദീപ് പുറത്താക്കിയത്. ഏഴ് മണിക്കൂര്‍ മാത്രം ജോലി, ലാഭത്തിന്റ 10 ശതമാനം, സ്വന്തം സ്റ്റാഫുകളുടെ താമസവും ഭക്ഷണവും നിര്‍മാതാവ് നല്‍കണമെന്ന് തുടങ്ങിയ ആവശ്യങ്ങള്‍ സന്ദീപ് റെഡ്ഡിക്ക് പിന്നാലെ വൈജയന്തി മൂവീസും അവഗണിക്കുകയായിരുന്നു.
Content Highlight: Deepika Padukone shares a post after the controversies about Kalki and Spirit