| Thursday, 18th September 2025, 3:04 pm

അംഗീകരിക്കാനാകാത്ത ഡിമാന്‍ഡുകള്‍, സ്പിരിറ്റിന് പിന്നാലെ കല്‍ക്കിയില്‍ നിന്നും പുറത്താക്കപ്പെട്ട് ദീപിക പദുകോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് ദീപിക പദുകോണ്‍. സൗത്ത് ഇന്ത്യയില്‍ നിന്ന് ബോളിവുഡിലേക്കെത്തി ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ വളരെ വേഗത്തില്‍ സ്ഥാനം പിടിക്കാന്‍ ദീപികക്ക് സാധിച്ചു. ബോളിവുഡും കടന്ന് ഹോളിവുഡിലും ദീപിക പദുകോണ്‍ തന്റെ സാന്നിധ്യമറിയിച്ചു.

എന്നാല്‍ ഇപ്പോള്‍ താരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് മറ്റൊരു തരത്തിലാണ്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ കല്‍ക്കി 2898 എ.ഡിയുടെ തുടര്‍ഭാഗങ്ങളില്‍ നിന്ന് ദീപികയെ അണിയറപ്രവര്‍ത്തകര്‍ മാറ്റിയെന്നാണ് പുതിയ വാര്‍ത്തകള്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ആദ്യ ഭാഗത്തിന്റെ വര്‍ക്കുകള്‍ക്കിടയിലും ദീപികയുമായി നല്ലൊരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും മുന്നോട്ടുപോകുമ്പോള്‍ മറ്റൊരു വഴിയുമില്ലാത്തതിനാലുമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നുമാണ് വൈജയന്തി മൂവീസ് പോസ്റ്റില്‍ കുറിച്ചത്. ദീപികയുടെ കരിയറിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ് അവസാനിച്ചത്.

കല്‍ക്കിയുടെ ആദ്യഭാഗത്തിലും വരാനിരിക്കുന്ന ഭാഗങ്ങളിലും ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രമാണ് ദീപിക പദുകോണ്‍ അവതരിപ്പിക്കുന്ന സുമതി. ദീപികക്ക് പകരം മറ്റൊരു ആര്‍ട്ടിസ്റ്റിനെ കൊണ്ടുവന്നാല്‍ അത് സിനിമയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പുതിയ എന്തെങ്കിലും വഴി അണിയറപ്രവര്‍ത്തകര്‍ കണ്ടുപിടിക്കുമെന്നാണ് സോഷ്യല്‍ മീഡിയ കണക്കുകൂട്ടുന്നത്.

ഇത് ആദ്യമായല്ല ഒരു സിനിമയില്‍ നിന്ന് ദീപിക പദുകോണ്‍ പുറത്താകുന്നത്. പ്രഭാസിനെ നായകനാക്കി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ നിന്നും ദീപിക പദുകോണിനെ പുറത്താക്കിയിരുന്നു. ദീപിക പദുകോണ്‍ മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ സംവിധായകന്‍ സന്ദീപ് വാങ്ക റെഡ്ഡിക്ക് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് താരത്തെ മാറ്റിയത്. ആറ് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുള്ളൂ, രാത്രി ഷൂട്ടിന് സമ്മതമല്ല തുടങ്ങിയ ഡിമാന്‍ഡുകളാണ് താരം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നാലെ ദീപിക പദുകോണ്‍ ബോളിവുഡ് സിനിമകളുടെ സെറ്റില്‍ തന്റെ പി.ആര്‍. വര്‍ക്കേഴ്‌സിലൂടെ സ്പിരിറ്റിന്റെ കഥ ലീക്ക് ചെയ്യിച്ചു എന്ന് ആരോപിച്ച് സന്ദീപ് വാങ്ക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ദീപികയുടെ പേരെടുത്ത് പറയാതെയായിരുന്നു സന്ദീപ് വാങ്കയുടെ പോസ്റ്റ്. സംവിധായകനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് കല്‍ക്കിയില്‍ ദീപിക പദുകോണ് പകരം കന്നഡ താരം രുക്മിണി വസന്ത് സുമതി എന്ന കഥാപാത്രമായി വേഷമിട്ടേക്കും. സ്പിരിറ്റില്‍ ദീപികക്ക് പകരം തൃപ്തി ദിമ്രിയെ നായികയാക്കി അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

Content Highlight: Deepika Padukone has been removed from Kalki 2898 AD

We use cookies to give you the best possible experience. Learn more