| Monday, 15th September 2025, 12:22 pm

സംഘപരിവാറിനെതിരെ ദീപികയും; ഇന്ന് എഡിറ്റോറിയലും മൂന്ന് പ്രധാന വാര്‍ത്തകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സംഘപരിവാറിനെതിരെ വാര്‍ത്തകളും എഡിറ്റോറിയലുമായി ദീപിക. ഇന്നത്തെ (തിങ്കള്‍) പത്രത്തില്‍ സംഘപരിവാറിനെതിരെ ഒന്നാം പേജില്‍ മൂന്ന് വാര്‍ത്തകളാണ് ദീപിക നല്‍കിയിരിക്കുന്നത്.

ആദ്യപേജില്‍ തന്നെ സംഘപരിവാറിനെതിരെ മൂന്ന് വാര്‍ത്തകള്‍ നല്‍കിയ ദീപിക, എഡിറ്റോറിയലിലൂടെ ആര്‍.എസ്.എസ് മുഖമാസികയായ കേസരിയുടെ വിവാദ ലേഖനത്തെയും വിമര്‍ശിച്ചു.

‘ക്രൈസ്തവര്‍ക്കെതിരെ ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കം’ എന്ന തലക്കെട്ടിലാണ് ദീപികയുടെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത.

ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തെ കുറിച്ചാണ് രണ്ടാമത്തെ വാര്‍ത്ത. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ആക്രമിച്ച ബജ്‌രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് വീണ്ടും അതിക്രമമുണ്ടായതെന്ന് വാര്‍ത്തയില്‍ പറയുന്നു.

കേസരിയുടെ വിവാദ ലേഖനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണമാണ് മൂന്നാമത്തെ വാര്‍ത്ത. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയാണ് വാര്‍ത്തയുടെ തലക്കെട്ട്.

ഈ മൂന്ന് വാര്‍ത്തകള്‍ക്ക് പുറമെയാണ് സംഘപരിവാറിനെതിരായ ദീപികയുടെ എഡിറ്റോറിയല്‍. ‘ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട’ എന്ന തലക്കെട്ടിലാണ് വിമര്‍ശനം.

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ യന്ത്രത്തിന് എണ്ണയിട്ട് കൊടുത്ത വര്‍ഗീയ പ്രസ്ഥാനം അതേപണി തുടരുകയാണ്. കേരളത്തില്‍ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നില്‍ക്കുന്ന ബി.ജെ.പിയുടെ മറുകൈ എവിടെയാണെന്ന് മനസിലാകാത്തവര്‍ക്കും മനസിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാര്‍ക്കും മത രാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങള്‍ തുടരാമെന്നും ദീപിക പറയുന്നു.

ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ മൂര്‍ച്ചകൂട്ടിയ മതപരിവര്‍ത്തന നിരോധന നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം സംഘപരിവാറിനെ പ്രകോപിപ്പിച്ചതെന്നും വിമര്‍ശനമുണ്ട്.

ഘര്‍ വാപ്പസിക്കാരുടെ മതപരിവര്‍ത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണമെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം കേസരിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പതിപ്പിലാണ് ക്രൈസ്തവ സമൂഹത്തെയൊട്ടാകെ അടച്ചാക്ഷേപിച്ചുകൊണ്ടുള്ള ലേഖനമുള്ളത്.

മത നേതൃത്വത്തെയും മത നേതാക്കന്മാരെയും രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച ലേഖനം സായുധ വിപ്ലവത്തിനായി മിഷണറിമാര്‍ സാധാരണക്കാരെ നയിക്കുന്നുവെന്നും ആരോപിക്കുന്നുണ്ട്. ഇതിലൂടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

മാവോയിസ്റ്റ് കലാപങ്ങള്‍ക്ക് കാരണം ക്രിസ്ത്യന്‍ മിഷണറിമാരാണെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും ക്രൈസ്തവര്‍ കടന്നുചെന്ന് അവിടങ്ങളിലെ സംസ്‌കൃതി ഇല്ലാതാക്കിയെന്നും കേസരി ആരോപിക്കുന്നുണ്ട്.

Content Highlight: Deepika also against Sanghparivar; three major news stories and editorial today

We use cookies to give you the best possible experience. Learn more