വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ നടനാണ് ദീപക് പറമ്പോല്‍. പിന്നീട് വന്ന തട്ടത്തിന്‍ മറയത്ത്, തിര എന്നീ വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളിലെ വേഷത്തിലൂടെ അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി.
അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളിലും ദീപക്കിന്റ സാന്നിധ്യമുണ്ടായിരുന്നു. കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്‌സ്, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 2025ല്‍ പുറത്തിറങ്ങിയ പൊന്മാന്‍, സര്‍ക്കീട്ട് എന്നീ സിനിമകളിലെ വേഷവും ജനങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോള്‍ ചെറുപ്പത്തില്‍ തനിക്ക് അഭിനയ മോഹം ഉണ്ടായിരുന്നില്ലെന്നും പിന്നീട് താന്‍ സിനിമയിലെത്തിപെടുകയായിരുന്നുവെന്നും ദീപക് പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മയുടെ കുടുംബത്തില്‍ നാടകവുമായി ബന്ധമുള്ളവര്‍ ഉണ്ട്. അമേച്വര്‍ നാടകമേഖലയില്‍ അവര്‍ സജീവമാണ്. ഈ നാടകങ്ങളൊക്കെ കാണാറുണ്ടായിരുന്നു. പത്താംക്ലാസില്‍ പഠിക്കുന്ന സമയം. വെക്കേഷന് അമ്മയുടെ വീട്ടില്‍ പോയപ്പോള്‍ ഒരു നാടകത്തിന്റെ സ്‌ക്രിപ്റ്റ് കിട്ടി. വായിച്ചപ്പോള്‍ അഭിനയിക്കാന്‍ തോന്നി. ഞാന്‍ കൂട്ടുകാരോട് കാര്യം പറഞ്ഞു. അവരും ഒപ്പം കൂടി. ആ സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ ഒരു നാടകം തട്ടിക്കൂട്ടി. വൃദ്ധന്റെ റോളായിരുന്നു എനിക്ക്. അതാണ് ആദ്യ അഭിനയം,’ ദീപക് പറഞ്ഞു.
പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിപ്പലിന്റെ പരിഷ്‌കാരങ്ങളെ കളിയാക്കി സുഹൃത്തുമൊത്ത് ഒരു നാടകം ചെയ്തിരുന്നുവെന്നും തളിപ്പറമ്പ് ഐ.എച്ച്.ആര്‍.ഡി.യിലായിരുന്നു ഡിഗ്രി പഠനമെന്നും അദ്ദേഹം പറഞ്ഞു.
‘കുറച്ചു വിദ്യാര്‍ഥികള്‍ മാത്രമേ ഉള്ളൂ അവിടെ. ഉള്ളവര്‍ എല്ലാ പരിപാടികളിലും പങ്കെടുക്കും. അവിടെവെച്ച് ആത്മവിശ്വാസം വര്‍ധിച്ചു. അതാണ് സിനിമാമോഹത്തിന്റെ തുടക്കം. ഡിഗ്രി കഴിഞ്ഞ് മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. എന്നാല്‍, ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നതിന് തൊ ട്ടുമുമ്പുള്ള റൗണ്ടില്‍ പുറത്തായി. എങ്കിലും അഭിനയത്തില്‍ കാര്യമായ പുരോഗതി വന്നു. പിന്നീട് അവസരം നോക്കലായി പരിപാടി,’ ദീപക് പറഞ്ഞു.
Content Highlight: Deepak says he didn’t have any desire to act when he was young