ഇടുക്കി: ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബി.ജെ.പി പ്രവര്‍ത്തകന്‍.
ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശിയും ഇന്‍ഫ്‌ളുവന്‍സറുമായ അജയ് ഉണ്ണി ആഹ്വനം ചെയ്തത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ഇയാള്‍.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അജയ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്.
‘മാനസികമായി താങ്ങാന്‍ കെല്‍പ്പില്ലാത്ത, മനസിന് കട്ടിയില്ലാത്ത ആളുകളോടാണ് എനിക്ക് പറയാനുള്ളത്. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും ആണുങ്ങള്‍ക്ക് ഇനിയും നേരിടേണ്ടി വരും. അനാവശ്യമായി നാണം കെടുത്താനൊരു ശ്രമം നടന്നാല്‍, മരിക്കണമെന്ന് നമ്മള്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍, എന്റെ അഭിപ്രായത്തില്‍ ഇത്തരം അവരാതം പറഞ്ഞുണ്ടാക്കുന്നവരെ നേരെ നിന്ന് ബലാത്സംഗം ചെയ്ത് പോയി മരിക്കുക. അപ്പോള്‍ കുറ്റം ചെയ്തു എന്ന പശ്ചാതാപത്തോടെ മാന്യമായി മരിക്കാം,’ എന്നാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം പതിനായിരത്തിലേറെ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.
സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. യുവതിയെ പിടികൂടിയാല്‍ മാത്രമേ മകന് നീതി ലഭിക്കൂ എന്നാണ് ദീപക്കിന്റെ അച്ഛന്‍ പറഞ്ഞത്.
നിലവില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ഷിംജിത ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
വീഡിയോ പ്രചരിച്ചതിനും സോഷ്യല്‍ മീഡിയ വിചാരണയ്ക്കും പിന്നാലെ അപമാനവും മാനസിക സംഘര്‍ഷവുമാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പരാതികളില്‍ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ യുവതി വീഡിയോ പങ്കുവെച്ചത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlight: Deepak’s suicide: BJP worker calls for rape