കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ കേസ്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് നടപടി.
കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കാണ് ലൈംഗികാരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനും നിരവധി പരാതികളാണ് ലഭിച്ചത്.
വീഡിയോ പ്രചരിച്ചതും സോഷ്യല്‍ മീഡിയയിലെ വിചാരണയും അതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷവും ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പരാതികള്‍.
ദീപക്കിന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
‘ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങള്‍ മാത്രമേ നിലവില്‍ അറിയുകയുള്ളൂ. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തട്ടെ. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്,’ വീണ ജോര്‍ജ് പറഞ്ഞു.
ഇതിനുപിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു ദീപക് ആത്മഹത്യ ചെയ്തത്.
സൈബര്‍ ആക്രമണം രൂക്ഷമായതോടെ യുവതി തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.
Content Highlight: Deepak’s death; Case filed against woman for abetment to suicide, kozhikode