കുഞ്ഞിരാമായണം, ബി ടെക്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ദീപക് പറമ്പോൽ. 2019-ൽ പുറത്തിറങ്ങിയ മനോഹരം സിനിമയുടെ സെറ്റിൽ വെച്ചാണ് ദീപക് നടി അപർണ ദാസിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹിതരായി. ഇപ്പോൾ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. ദി റൂമിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ദീപക് പറമ്പോൽ.photo.screen grab/youtube
‘ഞാൻ അപ്പോഴും അപർണ്ണയോട് പറയുമായിരുന്നു, ഒരുപക്ഷേ എനിക്ക് അവളെ നേരിട്ട് പരിചയമില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ വേറെ ആരെങ്കിലും വഴി മാത്രമാണ് അറിയുന്നതെങ്കിൽ ഈയൊരു ബന്ധത്തിലേക്ക് എത്തിപ്പെടുമോ എന്ന് അറിയില്ലായിരുന്നു എന്ന്. കാരണം ഞങ്ങൾ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ്. അതായത്, ഞങ്ങൾ ഒരു ഫോട്ടോ കണ്ടതുകൊണ്ടൊന്നും ഇഷ്ടപ്പെട്ടവരല്ല . നമ്മൾ ഒരുമിച്ച് കുറേക്കാലം സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നു. അങ്ങനെ പരസ്പരം ഒത്തുപോവുന്ന ക്യാരക്ടർ രണ്ടുപേരിലും ഉള്ളതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ചത്. അല്ലാതെ അന്ന് ഒരു സിനിമാ നടി എന്ന ചിന്തയിലേക്കൊന്നും പോയിട്ടില്ലായിരുന്നു.
പിന്നെ ഒരേ മേഖലയിൽ ഉള്ളവരാകുമ്പോൾ അതിൽ വരുന്ന ബുദ്ധിമുട്ടുകളൊക്കെ രണ്ടുപേർക്കും പരസ്പരം മനസ്സിലാക്കാം. കൂടാതെ ഇപ്പോൾ ഫിനാൻഷ്യലി ആയാലും പരസ്പരം സഹായിക്കുന്നുണ്ട്. എന്റെ കാര്യത്തിൽ, ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ആരെങ്കിലും അടുത്ത് വന്ന് അയ്യോ വിഷമിക്കല്ലേ, എന്തിനാ വിഷമിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ, ഞാനൊന്ന് വിഷമിച്ചോട്ടെ, അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് തിരിച്ചു ചോദിക്കുന്ന ആളാണ് . ആ കാര്യത്തിൽ ഒക്കെ എനിക്ക് സ്വന്തായി ഒരു സമയം വേണം. എന്നാലും അരെങ്കിലും സമാധാനിപ്പിക്കാൻ ഉണ്ടെകിൽ ഒരു സന്തോഷമാണല്ലോ .
കല്യാണം കഴിച്ചാലേ ജീവിതത്തിൽ മുൻപോട്ട് പോകാൻ പറ്റൂ എന്ന് ചിന്തിച്ചിരുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ. പിന്നെ ജീവിതത്തിന്റെ ആ ഒരു പോയിന്റിൽ എത്തിയപ്പോൾ കല്യാണം വേണമെന്ന് തോന്നി, അങ്ങനെ സംഭവിച്ചു.
ഇപ്പോൾ രണ്ടുപേരും ഒരേ മേഖല ആയതുകൊണ്ട് ഒരുമിച്ച് സിനിമകൾ ചെയ്യാനുള്ള ഒന്ന് രണ്ട് പ്രോജക്ടുകളൊക്കെ വരുന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ല. ചിലപ്പോൾ നല്ലൊരു കഥയൊക്കെ വന്നാൽ ചെയ്തേക്കാം,’ ദീപക് പറമ്പോൽ പറഞ്ഞു.
ദീപക് പറമ്പോൽ.അപർണ ദാസ്.photo.Kerala9.com