| Wednesday, 22nd July 2026, 5:48 pm

ഞാൻ ലീഡ് ചെയ്ത സിനിമകൾ തിയേറ്ററിൽ വിജയിച്ചിട്ടില്ല, അത്തരത്തിൽ ഒരു സിനിമ വിജയിക്കണമെന്ന ആഗ്രഹമുണ്ട്: ദീപക് പറമ്പോൽ

നന്ദന. ടി

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ദീപക് പറമ്പോൽ. തുടർന്ന് തിര, ഡി-കമ്പനി, കുഞ്ഞിരാമായണം, ബി ടെക്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കഴിഞ്ഞ  ദിവസം പുറത്തിറങ്ങിയ വരവ്.

ഇപ്പോഴിതാ സിനിമയിലെ ക്യാരക്ടർ റോളുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് ദീപക് പറമ്പോൽ. ഷോസ്‌കേപ്പ് ജേണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ദീപക് പറമ്പോൽ.photo.screen grab/youtube

‘നമ്മൾ സിനിമയിൽ വരുന്ന തുടക്കസമയത്തൊന്നും പണത്തിന് വേണ്ടിയായിരിക്കില്ല മറിച്ച് അഭിനയത്തോടുള്ള വലിയൊരു ആഗ്രഹത്തിന്റെ പുറത്തായിരിക്കും. ആ സമയത്ത് നമ്മൾ ചെയ്ത റോളുകൾ ചിലപ്പോൾ ശ്രദ്ധിക്കപ്പെടുകയും കുറച്ചു ആളുകൾ തിരിച്ചറിയുകയും പൈസ ലഭിക്കുകയും ചെയ്യാം. അങ്ങനെ കുറച്ചുകാലം മുന്നോട്ട് പോകും. എന്നാൽ പിന്നീട് കുറച്ചുകാലത്തേക്ക് കയ്യിൽ പണമൊന്നുമുണ്ടാകില്ല, സാമ്പത്തികമായി നേരെ താഴേക്ക് പോകും. ആ സമയത്ത് ഇതൊക്കെ നിർത്തി വല്ല ജോലിക്കും പോയാൽ മതിയായിരുന്നു എന്ന് വരെ തോന്നിപ്പോകും. തുടർച്ചയായി വൻ വിജയങ്ങൾ നേടി സൂപ്പർ സ്റ്റാറുകളായി മാറുന്നവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാൽ ക്യാരക്ടർ റോളുകൾ ചെയ്യുന്ന ആളുകൾക്ക് ഒരേ സമയം എത്രത്തോളം സിനിമകൾ ലഭിക്കുമെന്ന് പറയാൻ പറ്റില്ല. കുടുംബത്തിൽ നിന്ന് സാമ്പത്തിക പിന്തുണയുള്ളവർക്ക് കുഴപ്പമില്ല, എന്നാൽ അല്ലാത്തവർക്ക് അതൊരു വലിയ സ്ട്രഗ്ളിങ് ഘട്ടമാണ്,’ ദീപക് പറഞ്ഞു.

ഞാൻ സിനിമയിൽ അഭിനയിക്കണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ഞാൻ ലീഡ് ചെയ്ത പടങ്ങളൊന്നും തിയേറ്ററുകളിൽ വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞാൻ ലീഡ് റോൾ ചെയ്ത ഒരു സിനിമയെങ്കിലും തിയേറ്ററിൽ നല്ല രീതിയിൽ ഓടി വിജയിക്കണം എന്ന് ആഗ്രഹമുണ്ട്.
ക്യാരക്ടർ റോളുകൾ ചെയ്യുമ്പോൾ അത് കൃത്യമായി വർക്ക് ഔട്ട് ആയാൽ മതി, എങ്കിലും മനസ്സിൽ ചില ആഗ്രഹങ്ങൾ കാണുമല്ലോ. പ്രേക്ഷകർക്ക് നമ്മുടെ കഴിവ് ഇഷ്ടപ്പെടണം. അതിനായി എപ്പോഴും തടസ്സങ്ങളില്ലാതെ തുടർച്ചയായി സിനിമകൾ ചെയ്യുക എന്നതാണ് മുന്നിലുള്ള ഒരേയൊരു വഴി. അങ്ങനെ നിരന്തരം കഷ്ടപ്പെടുന്നത് കാണുമ്പോൾ ‘ഇവൻ കുറെയായല്ലോ ശ്രമിക്കുന്നത്’ എന്ന് തോന്നി പ്രേക്ഷകർ എപ്പോഴെങ്കിലും നമ്മളെ അംഗീകരിക്കും,’ദീപക് പറമ്പോൽ പറഞ്ഞു.

ദീപക് പറമ്പോൽ.photo.screen grab/youtube

Content Highlight: Deepak parambol talks about character roles in movies

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more