മൂന്നേ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ഇടയിലേക്ക് ടിക്കറ്റെടുത്ത അഭിനേതാവാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങി സംവിധായകനായ മൂന്ന് ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചമാക്കിയ താരം അഭിനയത്തിലും കഴിവ് തെളിയിച്ചിരുന്നു. മിന്നല്‍ മുരളിയ്ക്ക് ശേഷം അഭിനയിത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച ബേസിലിന്റെ ഒട്ടനവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തിറങ്ങിയത്. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഒരുപാട് കാലം പ്രവര്‍ത്തിച്ച ശേഷമായിരുന്നു ബേസില്‍ തന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണം സംവിധാനം ചെയ്തത്. ചിത്രത്തിലൂടെ ഒരു പ്രത്യേക ഫാന്‍ബേസ് തന്നെ സൃഷ്ടിച്ചെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
ജീവിതത്തില്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന ആളാണ് ബേസിലെങ്കിലും സിനിമയുടെ കാര്യത്തില്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന ആളാണ് താരമെന്ന് പറയുകയാണ് ദീപക് പറമ്പോള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതനായ ദീപക് വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ബേസിലിനെ കുറിച്ച് വാചാലാനായത്.
ദീപക് പറമ്പോള്‍. Photo: Ott Play
‘എന്തെല്ലാം തമാശയും കാര്യങ്ങളും പറഞ്ഞാലും ബേസില്‍ ബേസിക്കലി ഭയങ്കര ഹാര്‍ഡ് വര്‍ക്കിങ് ആയിട്ടുള്ള ആളാണ്. ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നത് അവന് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. തിര എന്ന ചിത്രം ചെയ്യുമ്പോള്‍ ബേസില്‍ അതിലെ ഫസ്റ്റ് അസിസ്റ്റന്റ് ആണ്. അതിലെ ക്ലാപ്പ് ബോയ് ആണ് അവന്‍. അന്ന് ചിത്രത്തിന്റെ സെറ്റില്‍ ഇവന്‍ വര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ ഞങ്ങളെല്ലാവരും പറഞ്ഞത് ഫസ്റ്റ് സിനിമ ചെയ്യുന്നത് ഇവനായിരിക്കും എന്നാണ്.
കാരണം ഓടിനടന്നാണ് സെറ്റില്‍ ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. ചിത്രത്തിന് ക്യാമറ വെച്ച് കഴിഞ്ഞാല്‍ അതിന് ചുറ്റും ആള്‍ക്കാരായിരിക്കും. അവരെയെല്ലാം മാറ്റുക എന്ന് പറയുന്ന അവസ്ഥയുണ്ടല്ലോ. അതെല്ലാം അവന്‍ ഓടി നടന്ന് ചെയ്തതായിരുന്നു. അത് മാത്രമല്ല അവന്‍ പൊന്മാന്‍ ചെയ്തപ്പോള്‍ അതിലെല്ലാം അവന്‍ മുമ്പ് ചെയതതില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ്. പെട്ടെന്ന് ഒരു ദിവസം തയ്യാറെടുക്കുകയല്ല അവന്‍ ചെയ്തത്. ആ കഥാപാത്രത്തിന് വേണ്ടി അവന്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു.
ബേസില്‍ ജോസഫ്. Photo: Telegraph India
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റീഡിങ്ങിലും അത് കഴിഞ്ഞിട്ടുള്ള കറക്ഷനിലുമെല്ലാം ബേസില്‍ സജീവമായി പങ്കെടുത്തിരുന്നു. അത് പെര്‍ഫോമന്‍സില്‍ നമുക്ക് ഫീല്‍ ചെയ്യും. ഡബ്ബിങ്ങിന്റെ സമയത്ത് കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു ആ കാര്യം. ബേസില്‍ സംവിധാനം ചെയ്ത കുഞ്ഞിരാമായണവും, മിന്നല്‍ മുരളിയും ഗോദയുമെല്ലാം ഒരുപാട് എഫേര്‍ട്ട് എടുത്ത് ബെറ്ററാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പലരും അത് ചെയ്യാറില്ല,’ ദീപക് പറഞ്ഞു.
Content Highlight: Deepak Parambol talks about Basil Joseph and his hardworking