| Sunday, 19th July 2026, 10:42 pm

മമ്മൂക്കയുടെ മുഖത്ത് നോക്കി എന്താടാ എന്ന് പറയുന്ന ഡയലോഗ്, സീന്‍ വായിച്ചപ്പോള്‍ തന്നെ ടെന്‍ഷനായി: ദീപക് പറമ്പോല്‍

അമര്‍നാഥ് എം.

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് ദീപക് പറമ്പോല്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ കരിയറാരംഭിച്ച ദീപക് തട്ടത്തിന്‍ മറയത്തിലൂടെ ശ്രദ്ധ നേടി. പിന്നീട് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. വില്ലന്‍ റോളുകളും ക്യാരക്ടര്‍ റോളുകളും കോമഡി റോളുകളും ദീപകിന്റെ കൈയില്‍ ഭദ്രമാണ്.

അടുത്തിടെ ഹിറ്റായ പല സിനിമകളിലും ദീപകിന്റെ സാന്നിധ്യമുണ്ടായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിലെ സുധി എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഷാജി കൈലാസ് സംവിധാനം ചെയ്ത വരവാണ് ദീപകിന്റെ ഏറ്റവും പുതിയ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് വലിയ വെല്ലുവിളിയുയര്‍ത്തിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ദീപക് പറമ്പോല്‍.

ദീപക് പറമ്പോല്‍ Photo: Screen grab/ The Showscape Journal

കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളുടെ ഭാഗമായിട്ടുണ്ടെന്ന് ദീപക് പറയുന്നു. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറില്‍ ഒരൊറ്റ സീന്‍ മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും കോമ്പിനേഷന്‍ സീനിന്റെ സമയത്ത് ടെന്‍ഷനടിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ദി ഷോസ്‌കേപ് ജേര്‍ണലിനോട് സംസാരിക്കുകയായിരുന്നു ദീപക്.

‘ആകെ ഒരു സീന്‍ മാത്രമേയുള്ളൂ, അതാണെങ്കില്‍ മമ്മൂക്കയുടെ കൂടെയും. പുള്ളിയെ തടഞ്ഞുനിര്‍ത്തിയിട്ട് ‘എന്താടാ ഡേവിഡേ, എന്ന് തുടങ്ങിയിട്ട് നീയിപ്പോള്‍ പൊലീസിന്റെ പണി തുടങ്ങിയോ’ എന്ന് ചോദിക്കണം. മമ്മൂക്കയുടെ മുഖത്ത് നോക്കി ‘എന്താടാ’ എന്ന് ചോദിക്കണമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ടെന്‍ഷനായി.

ആദ്യം മമ്മൂക്കയില്ലാതെ ആ ഷോട്ടെടുത്തു. അദ്ദേഹത്തെ കാണിക്കാതെ എന്റെ ക്ലോസ് മാത്രമായിരുന്നു എടുത്തത്. അത് ഓക്കെയായി. രക്ഷപ്പെട്ടു എന്ന് കരുതിയിരുന്നപ്പോള്‍ മമ്മൂക്കയുടെ കൂടെ വീണ്ടും എടുക്കേണ്ടി വന്നു. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. ടെന്‍ഷന്‍ മാറ്റാന്‍ അടുത്ത് നിര്‍ത്തിയ ജീപ്പിന്റെ ബോണറ്റില്‍ കൈകൊണ്ട് ചെറുതായി അടിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ആ സീന്‍ എടുത്ത് നോക്കിയാല്‍ അത് കാണാന്‍ പറ്റും,’ ദീപക് പറമ്പോല്‍ പറയുന്നു.

ഹനീഫ് അദേനി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് വൈറലായിരുന്നു. സ്വന്തം മകളെ പീഡിപ്പിച്ചവനെതിരെ പ്രതികാരം നടത്താനിറങ്ങിയ അച്ഛന്റെ കഥയാണ് ദി ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന് ഇപ്പോഴും നല്ല ഫാന്‍ ബേസുണ്ട്.

Content Highlight: Deepak Parambol shares the shooting experience with Mammootty

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more