| Wednesday, 3rd September 2025, 10:31 pm

അമ്മയ്ക്ക് പാട്ട് അയച്ചുകൊടുക്കരുത്, പിന്നെയത് പുറത്തിറക്കേണ്ടി വരില്ലെന്ന് പൃഥ്വി പറഞ്ഞു: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനായി ആളാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ് താരം, നരൻ, പുതിയ മുഖം, സെവൻത് ഡേ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ദീപക്കിന് കൂടുതൽ ശ്രദ്ധ നൽകി. ഇപ്പോൾ പൃഥ്വിരാജിനെക്കുറിച്ചും മല്ലിക സുകുമാരനെക്കുറിച്ചും സംസാരിക്കുകയാണ് ദീപക് ദേവ്.

‘ബ്രോ ഡാഡിയിൽ പൃഥ്വി മോഹൻലാലിനൊപ്പം ഒരു പാട്ട് പാടുന്നുണ്ട്. പാട്ട് പാടിക്കഴിഞ്ഞ് പുള്ളി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോയ ഉടനെ മല്ലികാന്റിയുടെ കോൾ വന്നു ‘മോനേ ആ ലാലിന്റെ കൂടെ രാജു പാടിയ പാട്ടില്ലേ അതെനിക്ക് ഇപ്പോൾ ഒന്ന് അയച്ചു താ. കേൾക്കാൻ കൊതിയായിട്ട് വയ്യ’ എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ‘ആന്റി അയച്ചുതരാം. ഒരു കുഴപ്പവും ഇല്ല. അതൊന്ന് കൂടി ശരിയാക്കാനുണ്ട്. ഓർക്കസ്‌ട്രേഷൻ ഒക്കെ ഒരുമാതിരിയാണ്. മിക്‌സ് ഒക്കെ ചെയ്ത് അയച്ചുതരാം’ എന്ന്,’ ദീപക് ദേവ് പറയുന്നു.

ഇന്നേവരെ പൃഥ്വിരാജ് പാടിയ പാട്ടൊന്നും താൻ ചോദിച്ചിട്ടില്ലല്ലോ, ഇത് മോഹൻലാലിന്റെ കൂടെ പാടിയ പാട്ടായത് കൊണ്ടാണ് കേൾക്കാൻ തോന്നിയതെന്നും അതുകൊണ്ട് പെട്ടെന്ന് മിക്‌സിങ് ചെയ്യണമെന്ന് മല്ലിക പറഞ്ഞെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.

ഇത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും പൃഥ്വിരാജ് തന്നെ വിളിച്ച് പാട്ട് അയച്ചുതരണമെന്ന് പറഞ്ഞുവെന്നും അപ്പോൾ താൻ മല്ലിക വിളിച്ച കാര്യം പൃഥ്വിരാജിനോട് പറഞ്ഞുവെന്നും ദീപക് കൂട്ടിച്ചേർത്തു.

അതുകേട്ടപ്പോൾ അയച്ചുകൊടുക്കരുതെന്നാണ് പൃഥ്വി പറഞ്ഞതെന്നും പിന്നെ ഈ പാട്ട് പുറത്തിറക്കേണ്ട ആവശ്യം വരില്ലെന്നും എല്ലായിടത്തും എത്തിക്കോളുമെന്ന് അദ്ദേഹം പറഞ്ഞെന്നും ദീപക് പറഞ്ഞു.

താൻ അദ്ദേഹത്തോട് അമ്മയല്ലേ അയച്ചുകൊടുക്കാതിരിക്കുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞത് താനാണ് സിനിമയുടെ ഡയറക്ടർ എന്നും ഇക്കാര്യത്തിൽ ഡയറക്ടർ പറയുന്നത് കേൾക്കുവെന്നാണാണെന്നും ദീപക് കൂട്ടിച്ചേർത്തു.

അത്തരം കാര്യങ്ങൾ വരുമ്പോൾ പൃഥ്വിരാജ് പ്രൊഫഷണൽ ആണെന്നും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

Content Highlight: Deepak Dev talking about Prithviraj Sukumaran

We use cookies to give you the best possible experience. Learn more