| Monday, 8th September 2025, 2:59 pm

താനൊന്നും അല്ല ഞാനാണ് ഇയാളെ ഇന്‍ട്രൊഡ്യൂസ് ചെയ്തതെന്ന് അയാളോട് മമ്മൂക്ക; ഇപ്പോഴും ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ ഇന്‍ഡസ്ട്രിയില്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ് താരം, നരന്‍, പുതിയ മുഖം, സെവന്‍ത് ഡേ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ദീപക്കിന് കൂടുതല്‍ ശ്രദ്ധ നല്‍കി.

ഇപ്പോള്‍ ക്രോണിക് ബാച്ചിലറിന്റെ സെറ്റില്‍ മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുക്കയാണ് ദീപക് ദേവ്. തന്നെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം തിരിച്ചറിഞ്ഞുവെന്ന് ദീപക് ദേവ് പറയുന്നു.

‘കൈരളി ടി.വിയുടെ ന്യൂസിന്റെ ആദ്യഭാഗത്ത് വരുന്ന മ്യൂസിക്ക് ചെയ്തത് ഞാനാണ്. മമ്മൂക്ക അതിന്റെ ചെയര്‍മാന്‍ ആയിരുന്നത് കൊണ്ട് ഇതു ചെയ്യുമ്പോള്‍ കണ്ടുള്ള ഒരു പരിചയം എനിക്കുണ്ട്. ഇത് കഴിഞ്ഞ് ക്രോണിക് ബാച്ചിലര്‍ ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയെ കണ്ടു.

അപ്പോള്‍ മമ്മൂക്ക ഇങ്ങനെ നടന്ന് പോകുകയായിരുന്നു നടന്ന് പോയി കഴിഞ്ഞിട്ട് തിരിച്ചിങ്ങോട്ട് ‘തന്നെ നടന്ന് വന്നു. തന്നെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഞാനാണ് ഈ പടത്തിന്റെ മ്യൂസിക്ക് ചെയ്യുന്നതെന്ന്. ‘അതല്ലാതെ നമ്മള്‍ മുമ്പും എവിടെയും കണ്ടിട്ടില്ലേ’എന്ന് ചോദിച്ചു. കൈരളി ടി.വി.യുടെ എന്ന് പറഞ്ഞപ്പോഴേക്കും. അദ്ദേഹം ‘ആ അതല്ലേ പറയേണ്ടത്’ എന്ന് പറഞ്ഞു.

എന്നിട്ട് എന്നെ വലിച്ച് കൊണ്ടുപോയി സിദ്ധിഖ് ഇക്കയോട് പറഞ്ഞു. ‘താനൊന്നും അല്ല ഞാനാണ് ഇയാളെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്’ എന്ന്. എന്റെ മ്യൂസിക്കാണ് ആദ്യം ചെയ്തത് എന്നൊക്കെ പറഞ്ഞു. മമ്മൂക്ക അത് ഇപ്പോഴും ഓര്‍ത്തിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല,’ ദീപക് ദേവ് പറഞ്ഞു.

Content highlight: Deepak Dev says that Mammootty recognized him on the sets of Chronic Bachelor

We use cookies to give you the best possible experience. Learn more