മലയാളത്തിലെ സര്‍വകാല കളക്ഷന്‍ റെക്കോഡ് തിരുത്തിക്കുറിച്ച ചിത്രമായിരുന്നു എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തൂത്തുവാരി. എന്നാല്‍ ചിത്രം റിലീസായതിന് പിന്നാലെ അനാവശ്യമായിട്ടുള്ള പല വിവാദങ്ങളും ഉടലെടുത്തിരുന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് കാണിച്ച ഭാഗങ്ങള്‍ സംഘപരിവാര്‍ അനുകൂലികളെ അസ്വസ്ഥരാക്കുകയും ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഒടുവില്‍ ചിത്രം റീസെന്‍സര്‍ ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. ഇതോടൊപ്പം എമ്പുരാനില്‍ ദീപക് ദേവ് ഒരുക്കിയ സംഗീതവും വിമര്‍ശനത്തിന് വിധേയമായി. ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ദീപകിന്റെ സംഗീതത്തിന് സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.
എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. എമ്പുരാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കുവെച്ച പോസ്റ്റിന് മറ്റ് ചില ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് ദീപക് ദേവ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ പോസ്റ്റ് ഞാനും കണ്ടിരുന്നു. എമ്പുരാനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള പോസ്റ്റാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. പക്ഷേ, അതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. ആ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന പാട്ട് സാഗര്‍ ഏലിയാസ് ജാക്കിയിലേതാണ്. എമ്പുരാനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിലെ പാട്ടല്ലേ വെക്കേണ്ടിയിരുന്നത്.
അല്ലാതെ, അയാള്‍ കമ്പോസ് ചെയ്ത ഒരു പാട്ട് വെച്ചതിലൂടെ ഗോപി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നുണ്ടല്ലോ. ആ സമയത്ത് എമ്പുരാനിലെ മ്യൂസിക്കിനെക്കുറിച്ചും പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനെക്കുറിച്ച് അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തത് അവസരം മുതലാക്കിയതായാണ് എനിക്ക് തോന്നിയത്.
പലരും എന്നോട് ഈ പോസ്റ്റിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് മെസ്സേജൊക്കെ ചെയ്തിരുന്നു. അപ്പോഴെല്ലാം ഇത് പരാതിപ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വേണ്ടെന്ന് ഞാന്‍ അവരോട് പറയുകയായിരുന്നു. കാരണം, അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല,’ ദീപക് ദേവ് പറയുന്നു.
Content Highlight: Deepak Dev about the post shared by Gopi Sundar during Empuraan Controversy