| Thursday, 30th July 2026, 8:22 pm

പെരുമാനി അര്‍ഹിച്ച വിജയം നേടിയില്ല, ആ സിനിമയ്ക്കായി 8 കിലോ ഭാരം കൂട്ടി: ദീപ തോമസ്

അജ്മല്‍ കെ

വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ തോമസ്. ഹോം, മോഹന്‍കുമാര്‍ ഫാന്‍സ്, സുലൈഖ മന്‍സില്‍, പെരുമാനി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ താരം തെലുങ്ക് സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വെങ്കിടേഷ് മഹാ സംവിധാനം ചെയ്ത ‘റാവു ബഹദൂര്‍’ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘പെരുമാനി’ തിയേറ്ററില്‍ അര്‍ഹിച്ച വിജയം നേടാതിരുന്നതിലുള്ള നിരാശ തുറന്നുപറയുകയാണ് ദീപ തോമസ്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ദീപ തോമസ്. Photo: X.com

‘പെരുമാനി’ വിജയിക്കാത്തതില്‍ എനിക്ക് വലിയ വിഷമമുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് അത്. പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ ആ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച സിനിമയായതുകൊണ്ട് മാത്രമല്ല, അതിനേക്കാള്‍ മികച്ച സ്വീകാര്യത അര്‍ഹിച്ച ചിത്രമായിരുന്നു അത്. എല്ലാവരും തീയേറ്ററില്‍ തന്നെ പെരുമാനി കാണണം എന്നൊക്കെ ഞാന്‍ അന്ന് പറഞ്ഞിരുന്നു. പക്ഷേ അന്ന് അത് കേള്‍ക്കാന്‍ പോലും പലരും തയ്യാറായിരുന്നില്ല എന്നും താരം പറഞ്ഞു.

പിന്നീട് ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ സിനിമയ്ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചു. വളരെ മനോഹരമായ സിനിമയാണത്. മലയാളി അല്ലാത്ത പലര്‍ക്കും ഞാന്‍ ഇന്നും നിര്‍ദേശിക്കുന്ന സിനിമകളിലൊന്നാണ് ‘പെരുമാനി’. ഇന്നത്തെ കാലത്ത് അത്തരമൊരു സിനിമ ഒരുക്കുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണെന്നും താരം പറഞ്ഞു.

‘സുലൈഖ മന്‍സില്‍ കണ്ട ശേഷമാണ് മജൂക്ക എന്നെ ‘പെരുമാനി’യിലേക്ക് വിളിക്കുന്നത്. ആ സിനിമയ്ക്കായി ഞാന്‍ എട്ട് കിലോ ഭാരം കൂട്ടിയിരുന്നു. നാട്ടിന്‍പുറത്തുകാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിയെയാണ് ഞാന്‍ അതില്‍ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിനായി മേക്കപ്പോ ത്രെഡിങ്ങോ സ്‌കിന്‍ കെയറോ ഒന്നും ചെയ്യാതെ, ഏകദേശം നാല് മാസത്തോളം ഞാന്‍ അങ്ങനെ മാറ്റിവെച്ചിട്ടുണ്ടായിരുന്നു. ഫാത്തിമ എന്റെ മനസിനോട് ഏറ്റവും കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. അത്തരമൊരു കഥാപാത്രം എനിക്ക് സമ്മാനിച്ചതിന് മജൂക്കയോട് എപ്പോഴും നന്ദിയുണ്ട്’ എന്നും താരം കൂട്ടിച്ചേര്‍ത്തു.

ദീപ തോമസ്. Photo: X.com

ഇടയ്‌ക്കൊരു കാലത്ത് എനിക്ക് സിനിമകളൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് മജൂക്ക ‘പെരുമാനി’യിലേക്ക് വിളിക്കുന്നത്. ഈ കഥാപാത്രം എനിക്ക് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ആ വിശ്വാസമാണ് എനിക്ക് ആ സിനിമ ചെയ്യാന്‍ ഉള്ള ആത്മവിശ്വാസം ഉണ്ടാക്കിയത് എന്നും ദീപ തോമസ് പറഞ്ഞു

Content Highlight: Deepa Thomas talks about her film Perumani

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more