മോഡൽ, അഭിനേത്രി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് ദീപ തോമസ്. കരിക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. 2019-ൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ട്രാൻസ്, മോഹൻ കുമാർ ഫാൻസ്, ഹോം തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഹോം എന്ന ചിത്രത്തിൽ ദീപ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാളത്തിലെയടക്കം പ്രമുഖർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി രംഗത്തുവന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച വ്യക്തിയായിരുന്നു നടിയായ ദീപ തോമസ്. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയയവും ആയി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുകയാണ് ദീപ തോമസ്.
ദീപ തോമസ്. Photo. Screen grab/ Youtube
പ്രേക്ഷകരുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് അഭിനേതാക്കളുടെ നിലനിൽപ്പ് എന്നതുകൊണ്ടുതന്നെ, തങ്ങളുടെ കരിയറിനെക്കുറിച്ചുള്ള പേടികാരണമാണ് അഭിനേതാക്കൾ ഉൾപ്പെടെ പലരും ഇത്തരം വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നു പറയാത്തതെന്ന് ദീപ തോമസ് ചൂണ്ടിക്കാണിക്കുന്നു.
‘ഇതൊരു സബ്ജക്റ്റീവ് ആയിട്ടുള്ള കാര്യമാണ്. കാരണം സിനിമ എന്നത് കുറച്ചുകൂടി കൺഫ്യൂസിങ് ആയിട്ടുള്ള ഒരു കരിയറാണ്. അവിടെ നമ്മൾ നിലനിൽക്കുമോ ഇല്ലയോ എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ചില ആളുകൾ അവരുടെ അഭിപ്രായം പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മാനസിലാക്കാൻ പറ്റുന്ന കാര്യമാണ്. ഈ കരിയറിൽ നിലനിന്നുപോകണമെങ്കിൽ ചിലയിടങ്ങളിലൊക്കെ നമ്മൾ സൈലന്റ് ആയി ഇരിക്കേണ്ടിവരും. അവർ തങ്ങളുടെ കരിയറിനെ ഭയക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സിനിമയിൽ മാത്രമല്ല, പല മേഖലകളിലും ഇതുതന്നെയാണ് അവസ്ഥ,’ ദീപ തോമസ് പറഞ്ഞു.
താനൊരു നഴ്സിങ് വിദ്യാർത്ഥി ആയിരുന്നതുകൊണ്ടുതന്നെ, നീറ്റ് പരീക്ഷകൾ എഴുതിയിട്ടും യോഗ്യത നേടാനാകാതെ പോയ സുഹൃത്തുക്കളുടെ ജീവിതം നേരിട്ടറിയാവുന്നത് ഈ വിഷയം തന്നിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയിരുന്നുവെന്ന് നടി പങ്കുവെക്കുന്നു.
‘നമ്മളെല്ലാവരും മനുഷ്യരാണ്. ഇതിനപ്പുറവും നമുക്കൊരു ജീവിതമുണ്ട്. ഞാൻ നഴ്സിങ് ആണ് പഠിച്ചത്. എന്റെ സുഹൃത്തുക്കളിൽ പലരും മൂന്നും നാലും വർഷം നീറ്റ് ട്രൈ ചെയ്തിട്ടും കിട്ടാതെ വന്നതോടെയാണ് നഴ്സിങ്ങിന് ചേർന്നത്. അപ്പോൾ അവരുടെയൊക്കെ പേഴ്സണൽ ലൈഫ് അറിയാവുന്നതുകൊണ്ടുതന്നെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് എന്നെ വളരെ അസ്വസ്ഥപ്പെടുത്തി. അതുകൊണ്ടാണ് ഞാൻ ഇതിനെതിരെ സംസാരിച്ചത്.
വൈകാരികമായി ചിന്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ തനിക്ക് ഭയമില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ സംസാരിക്കാൻ താത്പര്യമില്ലാത്ത ആളുകൾ തങ്ങളുടെ കരിയറിനെ പേടിച്ചിട്ടു തന്നെയാണ് മാറിയിരിക്കുന്നത്. ഞാൻ ഇതിൽ ഇടപെട്ടാൽ എനിക്ക് എന്തൊക്കെ അവസരങ്ങൾ നഷ്ടപ്പെടാം എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം, അതുകൊണ്ട് ഞാൻ അവരുടെ കാഴ്ചപ്പാടും മനസ്സിലാക്കുന്നു. ഞാൻ ഒരു ഇമോഷണൽ പേഴ്സൺ ആണ്, അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ എന്നെക്കൊണ്ടാവുന്ന സഹായങ്ങൾ ചെയ്യാൻ ഞാൻ ആരെയും പേടിക്കാറില്ല,’ ദീപ തോമസ് പറഞ്ഞു.
ദീപ തോമസ്. Photo. Screen grab/ Youtube