മോഡൽ, അഭിനേത്രി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് ദീപ തോമസ്. കരിക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. 2019-ൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ട്രാൻസ്, മോഹൻ കുമാർ ഫാൻസ്, ഹോം തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഹോം എന്ന ചിത്രത്തിൽ ദീപ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ സിനിമാരംഗത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ് തുറക്കുകയാണ് ദീപ തോമസ്. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
അഭിനയരംഗത്തേക്കുള്ള തുടക്കകാലത്ത് ഓഡിഷനുകളിൽ ഉൾപ്പെടെ, തനിക്ക് സൈഡ് റോളുകൾ മാത്രമേ ചേരുകയുള്ളൂ എന്ന തരത്തിലുള്ള ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ദീപ തോമസ്.
ദീപ തോമസ്. Photo. Screen grab/ Youtube
‘സിനിമാമേഖലയിലേക്ക് യാതൊരു ബാക്കപ്പ് സപ്പോർട്ടും ഇല്ലാതെ വരുമ്പോൾ അതിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും സ്ട്രഗിളുകളും ഉണ്ടാകും. എന്നാൽ അത്തരം ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, എങ്കിൽ മാത്രമേ പിന്നീട് നേടുന്ന വിജയങ്ങൾക്ക് ഒരു അർത്ഥമുണ്ടാകൂ.
ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തിട്ടുള്ള ആളാണ് ഞാൻ. അതിൽ പല കഥാപാത്രങ്ങൾക്കും ചേരില്ലെന്ന കാരണത്താൽ റിജക്റ്റ് ആയിട്ടുണ്ട്. ലീഡ് റോളുകൾക്ക് പറ്റിയ ആളല്ലെന്നും സൈഡ് റോളുകൾ ചെയ്യാൻ മാത്രമേ സാധിക്കൂ എന്ന രീതിയിലുമൊക്കെയുള്ള ബുള്ളിയിങ്ങുകൾ ആളുകളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്,’ നടി പറഞ്ഞു.
സിനിമയിൽ യാതൊരു മുൻപരിചയവുമില്ലാത്ത വ്യക്തികൾക്ക് സിനിമാമേഖലയിൽ നിന്നുള്ള ഇത്തരം ബുദ്ധിമുട്ടുകൾ തുടക്കത്തിൽ വിഷമമുണ്ടാക്കുമെങ്കിലും, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത് മുന്നോട്ട് സഞ്ചരിക്കാനുള്ള പ്രചോദനമാണെന്ന് പറയുകയാണ് നടി.
‘സിനിമാമേഖലയിൽ പ്രവൃത്തിക്കുന്ന ഭൂരിഭാഗം പേർക്കും പറയാൻ ഇത്തരം കഥകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഞാൻ എന്റെ അനുഭവങ്ങൾ പറയുമ്പോൾ ഒരുപാട് പേർ സമാനമായ കാര്യങ്ങൾ പങ്കുവെക്കാറുണ്ട്. ഫിലിം ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത ഒരാളെന്ന നിലയിൽ, തുടക്കത്തിൽ ഇത്തരം കാര്യങ്ങൾ കേട്ടപ്പോൾ അഭിനയം എനിക്ക് പറ്റിയ പണിയല്ലേ എന്ന് തോന്നിയിട്ടുണ്ടായിരുന്നു.
എന്നാൽ പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ ഈ അനുഭവങ്ങളെല്ലാം ജീവിതത്തിൽ തളരാതെ മുന്നോട്ടുപോകാനുള്ള പ്രചോദനമായിട്ടാണ് ഞാൻ കണ്ടത്. സിനിമയിൽ ഇന്നും ഞാൻ നിലനിൽക്കുന്നത് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ്. എപ്പോഴും മെച്ചപ്പെടാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, അതിനുള്ള ആത്മവിശ്വാസം എനിക്കുണ്ട്,’ ദീപ തോമസ് പറഞ്ഞു.
ദീപ തോമസ്. Photo. Screen grab/ Youtube