| Sunday, 12th April 2026, 9:39 pm

'നിറം' കഴിഞ്ഞ് ഹൈപ്പില്‍ നില്‍ക്കുന്ന സമയം; അന്ന് ചാക്കോച്ചന്റെ കൂടെ അഭിനയിക്കാന്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു: ദീപ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ദീപ നായര്‍. 2000-ല്‍ സനല്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയെങ്കിലും, ആദ്യ സിനിമയ്ക്ക് ശേഷം പ്രിയ അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ചിത്രത്തിന്റെ 16 വര്‍ഷങ്ങള്‍ പ്രിയത്തിലെ ആനി ജോഷ്വയേ ആരും മറന്നില്ല.

സിനിമ റിലീസ് ചെയ്ത് 16 വര്‍ഷങ്ങള്‍ക്ക് ശേഷവും താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ പ്രിയം സിനിമയില്‍ കുഞ്ചാക്കോ ബോനുമായി അഭിനയിക്കുമ്പോളുള്ള അനുഭവം പങ്കുവെക്കുകയാണ് ദീപ നായര്‍.

‘അന്ന് ചാക്കോച്ചന്‍ ‘നിറം’ ഒക്കെ കഴിഞ്ഞ് വലിയ ഹൈപ്പില്‍ നില്‍ക്കുന്ന സമയമാണ്. സ്വാഭാവികമായും ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം പേടി മാറ്റി. കൂടെ അഭിനയിച്ച കുട്ടികളും പിന്തുണച്ചു. അവരില്‍ പലരും മുമ്പേ സിനിമയില്‍ അഭിനയിച്ചവരാണ്. അവരോട് ആത്മബന്ധം ഉണ്ടായി.

ആ അടുപ്പമാണ് സിനിമയിലെ പല സീനുകളും റിയലിസ്റ്റിക് ആക്കിയത്. തിലകന്‍ ചേട്ടനുമായി ഒരു കോമ്പിനേഷന്‍ സീനേ ഉണ്ടായിരുന്നുള്ളൂ. ജഗതി സാര്‍ കാര്യങ്ങള്‍ പറഞ്ഞു തരും. അക്കാലത്ത് ഒരേ സമയം അഞ്ചും ആറും സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു അദ്ദേഹം,’ ദീപ നായരുടെ വാക്കുകള്‍.

സിനിമയില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയിരുന്നില്ലെന്നും നമ്മള്‍ ചിലത് ഉപേക്ഷിക്കുമ്പോള്‍ മറ്റെന്തെങ്കിലും നേടുന്നുണ്ടെന്നും ദീപ നായര്‍ പറഞ്ഞു. അന്ന് വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും അത് നടന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ‘ആനി’ എന്ന കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യത ചിലപ്പോള്‍ നഷ്ടമാകുമായിരുന്നുവെന്നും ദീപ നായര്‍ പറഞ്ഞു.

1958-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഹൗസ്‌ബോട്ട് എന്ന ചിത്രത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് വന്ന സിനിമയാണ് പ്രിയം. ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, തിലകന്‍, ഇന്ദ്രന്‍സ്, എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Deepa Nair talks about the movie Priyam and Kunchacko Boban

We use cookies to give you the best possible experience. Learn more