മലയാള സിനിമയിൽ ഒരേയൊരു ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ അഭിനേത്രിയാണ് ദീപ നായർ. അരങ്ങേറ്റ ചിത്രമായ ‘പ്രിയം’ കൊണ്ടുതന്നെ ശ്രദ്ധ നേടിയ ദീപ, പിന്നീട് സിനിമയിൽ നിന്ന് പൂർണമായും അകന്നിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം തന്റെ സിനിമാ അനുഭവങ്ങളും സൗഹൃദവും തുറന്നു പറയുകയാണ് താരം.
പ്രിയം, Photo: YouTube/ Screengrab
‘പ്രിയം’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായ ആനി ജോഷ്വ എന്ന കഥാപാത്രമായാണ് ദീപ എത്തിയത്. സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, അതേ സിനിമയോടെ തന്നെയാണ് താരം സിനിമ ജീവിതത്തോട് വിടപറഞ്ഞത്. തുടർന്ന് വ്യക്തിപരമായ ജീവിതത്തിലും മറ്റു മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ഇപ്പോഴിതാ ഒരു സമയം തനിക്ക് സിനിമാ മേഖലയിലുള്ള ആരുമായും ബന്ധമുണ്ടായിരുന്നില്ലെന്നും അകെ ഉള്ള ബന്ധം കുഞ്ചാക്കോ ബോബനുമായായിരുന്നു എന്ന് പറയുകയാണ് ദീപ. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പ്രിയം, Photo: YouTube/ Screengrab
‘എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ‘പ്രിയ’ത്തി ലേക്കുള്ള വരവ്. അന്ന് 19 വയസേയുള്ളു. സിനിമ വലിയ വിജയമായതോടെ ഒന്ന് രണ്ട് ഓഫറുകൾ വന്നു. പക്ഷേ, ആ സമയത്ത് പഠനത്തിനായിരുന്നു മുൻഗണന. അന്നത്തെക്കാലത്ത് അവസരങ്ങൾ ലഭിക്കുക അത്ര എളുപ്പമല്ല. പിന്നീട് വന്ന ഓഫറുകൾ അത്ര സ്ക്രീൻ സ്പേസ് ഇല്ലാത്തതായിരുന്നു. ഉറപ്പില്ലാത്ത കാര്യത്തിന് വേണ്ടി പഠനം ഉപേക്ഷിക്കേണ്ടെന്ന് തീരുമാനിച്ചു.
പിന്നെ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിച്ചു. എന്നാൽ അമേരിക്കയിലെ 9/11 ആക്രമണത്തെത്തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണം ജോലിയിൽ പ്രവേശിക്കുന്നത് വൈകി. ആ ഇടവേള സിനിമയിലേക്കൊരു മടങ്ങിവരവിന് അനുയോജ്യമായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ആ സമയത്ത് ഓഫറുകളൊന്നും വന്നില്ല. അന്ന് സിനിമയിൽ ആകെ ബന്ധമുണ്ടായിരുന്നത് ചാക്കോച്ചനുമായി മാത്രം. വെറുതെയിരിക്കണ്ട എന്ന് കരുതി കൈരളി ടിവിയിൽ കുറച്ചുകാലം മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചു.
പ്രിയം, Photo: YouTube/ Screengrab
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയ്ക്കും ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ അങ്കിൾ പറഞ്ഞ് മനസിലാക്കി. അദ്ദേഹം തന്നെയാണ് ക്യാമറ ചെയ്യുന്നത്, അദ്ദേഹത്തിന്റെ മകളായ മഞ്ജിമ ഉൾപ്പെടെയുള്ള കുട്ടികൾ സിനിമയിലുണ്ടെന്നും മറ്റും പറഞ്ഞു. അതോടെ വീട്ടുകാർ സമ്മതിച്ചു,’ ദീപ പറഞ്ഞു.
അതെ സമയം സിനിമ വിട്ടതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ലെന്നും, ജീവിതത്തിൽ ചിലത് ഉപേക്ഷിക്കുമ്പോൾ മറ്റെന്തെങ്കിലും നേടാൻ കഴിയുമെന്ന വിശ്വാസമാണ് തനിക്കുണ്ടായിരുന്നതെന്നും താരം പറയുന്നു. വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു, അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദീപ വ്യക്തമാക്കി.
Content Highlight: Deepa nair talk about Kunchacko boban