| Monday, 13th April 2026, 8:30 pm

ഷൂട്ടിങ്ങിനിടയില്‍ മേക്കപ്പ് മാറ്റാതെ അദ്ദേഹം ഉറങ്ങുന്നത് കണ്ടിട്ടുണ്ട്; സെറ്റില്‍ എല്ലാവരും വലിയ സപ്പോട്ടായിരുന്നു: ദീപ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ദീപ നായര്‍. 2000-ല്‍ സനല്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയെങ്കിലും, ആദ്യ സിനിമയ്ക്ക് ശേഷം ദീപ നായര്‍ അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ചിത്രത്തിന്റെ 16 വര്‍ഷങ്ങള്‍ പ്രിയത്തിലെ ആനി ജോഷ്വയേ ആരും മറന്നില്ല.

സിനിമ റിലീസ് ചെയ്ത് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷവും താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ പ്രിയം സിനിമയില്‍ ജഗതി ശ്രീകുമാറുമായും തിലകനുമായും പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ദീപാ നായര്‍.

‘തിലകന്‍ ചേട്ടനുമായി ഒരു കോമ്പിനേഷന്‍ സീനേ ഉണ്ടായിരുന്നുള്ളൂ. ജഗതി സാര്‍ കാര്യങ്ങള്‍ പറഞ്ഞു തരും. അക്കാലത്ത് ഒരേ സമയം അഞ്ചും ആറും സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഷൂട്ടിങ്ങിന് ഇടയിലുള്ള ചെറിയ ബ്രേക്കുകളില്‍ മേക്കപ്പ് മാറ്റാതെ അദ്ദേഹം കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ട്.
പിന്നെ ഇന്ദ്രന്‍സ് സാറിനോളം വിനയമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. സുകുമാരി അമ്മയും നല്ല പിന്തുണ തന്നു.

ഇത്രയും വലിയ അഭിനേതാക്കള്‍ക്കൊപ്പം അരങ്ങേറാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന നിമിഷം ഇപ്പോഴും എന്റെ മനസിലുണ്ട്. വിപിന്‍ മോഹന്‍ അങ്കിള്‍ വിളിച്ച് ഒരു ദിവസം രാവിലെ സ്‌ക്രീന്‍ ടെസ്റ്റിന് വരാന്‍ പറഞ്ഞു. സിനിമയിലെ ഒരു പ്രധാന സീനാണ് സ്‌ക്രീന്‍ ടെസ്റ്റിനു തന്നത്,’ ദീപാ നായര്‍ പറയുന്നു.

ആദ്യ ടേക്കില്‍ തന്നെ ആ സീന് ഓക്കെയായെന്നും എല്ലാവരും കൈയടിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നിയെന്നും നടി പറഞ്ഞു. സ്‌ക്രീന്‍ ടെസ്റ്റിലെ ദൃശ്യങ്ങള്‍ തന്നെ സിനിമയിലും ഉപയോഗിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രിയം സിനിമക്ക് ശേഷം വീട്ടിലെ അഡ്രസും ഫോണ്‍ നമ്പറും ആളുകള്‍ തേടിപ്പിടിച്ച് നിറയെ കത്തുകള്‍ വരുമായിരുന്നുവെന്നും അമ്മ ആ കത്തുകളെല്ലാം ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ദീപ നായര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ലെന്നും വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു, അത് പിന്നീട് നടന്നുവെന്നും നടി പറഞ്ഞു.

Content Highlight: Deepa Nair shares her experience working with Jagathysree Kumar and Indrans in the movie Priyam

We use cookies to give you the best possible experience. Learn more