| Tuesday, 1st September 2026, 5:57 pm

ന്യൂസിലന്‍ഡിനെതിരായ അടുത്ത ടെസ്റ്റില്‍ ആദ്യം പരിഗണിക്കേണ്ടത് അവനെ; തുറന്ന് പറഞ്ഞ് ദീപ്ദാസ് ഗുപ്ത

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലിനെക്കുറിച്ച് സംസാരിച്ച് മുന്‍ താരം ദീപ്ദാസ് ഗുപ്ത. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് ദീപ്ദാസ് പടിക്കലിനെ പ്രശംസിച്ചത്. ന്യൂസിലന്‍ഡിനെതിരായ അടുത്ത ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ പരിഗണന ദേവ്ദത്ത് തന്നെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പരിക്ക് മൂലം പുറത്തായ വണ്‍ഡൗണ്‍ ബാറ്റര്‍ സായ് സുദര്‍ശന് പകരമായി എത്തിയ താരമായിരുന്നു ദേവ്ദത്ത് പടിക്കല്‍. എന്നിരുന്നാലും പടിക്കലിന്റെ മിന്നും പ്രകടനം മുന്‍ നിര്‍ത്തി സായ് സുദര്‍ശന്‍ ഇനി ടീമിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ദേവ്ദത്ത് പടിക്കല്‍

‘പടിക്കലിന് വലിയ വ്യത്യാസമുണ്ട്. തന്റെ കളിയില്‍ അദ്ദേഹം വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഫൂട്‌വര്‍ക്ക് മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിസ്ഥാന സാങ്കേതിക ഘടനയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. അതൊരു വലിയ പോസിറ്റീവാണ്.

അതിനാല്‍, ന്യൂസിലന്‍ഡിനെതിരായ അടുത്ത ടെസ്റ്റില്‍ നിങ്ങളുടെ ആദ്യ പരിഗണന ദേവ്ദത്ത് തന്നെയായിരിക്കണം എന്നതില്‍ യാതൊരു സംശയവുമില്ല. സായിക്ക് കാത്തിരിക്കേണ്ടിവരും. അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ദേവ്ദത്ത് തന്നെയായിരിക്കണം,’ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഗുപ്ത.

ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പയിലെ താരമായിരുന്നു ദേവ്ദത്ത് പടിക്കല്‍.
മൂന്ന് ഇന്നിങ്സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലായിരുന്നു താരത്തിന്റെ റണ്‍ വേട്ട.

ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഇനി ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്. നവംബര്‍ 19നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ബാസിന്‍ റിസര്‍വിലാണ് മത്സരം. കിവീസിനെതിരായ രണ്ടാം ടെസ്റ്റ് നവംബര്‍ 27 മുതല്‍ ഹാഗ്‌ലി ഓവലിലും നടക്കും.

Content Highlight: Deep dasGupta Supports Devdutt Padikkal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more