| Friday, 4th September 2026, 3:21 pm

സഞ്ജുവും വൈഭവും ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും; ഇന്ത്യ പുതിയ കോമ്പിനേഷന്‍ പരീക്ഷിക്കണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി-20 പരമ്പരയ്ക്കാണ് ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ്. മത്സരത്തിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ 15 അംഗ സ്‌ക്വാഡും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌ക്വാഡില്‍ സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ഓപ്പണിങ്ങിങ് പൊസിഷനില്‍ കളിക്കുന്ന അഭിഷേക് ശര്‍മയും യുവ താരം വൈഭവ് സൂര്യവംശിയും സഞ്ജുവിനൊപ്പം സ്‌ക്വാഡിലുണ്ട്.

എന്നാല്‍ ഇവരില്‍ ആരാകും അഫ്ഗാനിസ്ഥാനെതിരെ ഓപ്പണിങ് ജോഡികളാകുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതുവരെ സഞ്ജു-അഭിഷേക് കൂട്ടുകെട്ടും അഭിഷേക്-വൈഭവ് കൂട്ടുകെട്ടുമാണ് ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്.

ദീപ് ദാസ്ഗുപ്ത

വരും മത്സരത്തില്‍ സഞ്ജു-വൈഭവ് കൂട്ടുകെട്ടും ഇന്ത്യയ്ക്ക് പരീക്ഷിക്കാം എന്ന് പറയുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത. സഞ്ജുവും വൈഭവും ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് പരീക്ഷിക്കുന്നത് മോശമായ ആശയമല്ലെന്നും ആരെയെങ്കിലും ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് താന്‍ പറയുന്നത് എന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലേക്ക് നോക്കുകയാണെങ്കില്‍, സഞ്ജുവും അഭിഷേകുമായിരുന്നു ഓപ്പണര്‍മാര്‍. സിംബാബ്‌വെയെ മാറ്റിനിര്‍ത്താം. മൂവരും ലഭ്യമായിരുന്നപ്പോള്‍ സഞ്ജുവും അഭിഷേകുമായിരുന്നു. എന്നാല്‍ സഞ്ജു-വൈഭവ് കൂട്ടുകെട്ട് നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല.

സഞ്ജു സാംസൺ. Photo: BCCI/x.com

ഇതുവരെ അഭിഷേക്-വൈഭവ്, അഭിഷേക്-സഞ്ജു കൂട്ടുകെട്ടുകളാണ് കണ്ടത്. അതുകൊണ്ട് സഞ്ജുവും വൈഭവും ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് പരീക്ഷിക്കുന്നത് മോശമായ ആശയമല്ല. ഇവിടെ ആരെയെങ്കിലും ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഞാന്‍ പറയുന്നത് എന്ന് തെറ്റിദ്ധരിക്കരുത്.

ലോകകപ്പിന് മുമ്പ് എല്ലാ കോമ്പിനേഷനുകളും പരീക്ഷിക്കാനും ഓരോ താരത്തിനും മതിയായ അവസരം നല്‍കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഏത് കോമ്പിനേഷനാണ് ഏറ്റവും മികച്ചതെന്ന് മനസിലാക്കുകയാണ് ലക്ഷ്യം,’ ദാസ്ഗുപ്ത തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി

അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ സഞ്ജുവിന് സിംബാബ്വേക്കെതിരായ ടി-20 പരമ്പരയില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാല്‍ 2026ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതില്‍ വലിയ പങ്കായിരുന്നു സഞ്ജു വഹിച്ചത്. ലോകകപ്പില്‍ കളിച്ച വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നേടിയത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും താരത്തിന് സാധിച്ചിരുന്നു.

അതേസമയം ഇന്ത്യക്ക് വേണ്ടി 66 ടി-20യില്‍ കളത്തിലിറങ്ങിയ സഞ്ജു 1432 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ ഓപ്പണര്‍ എന്ന നിലയില്‍ 993 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്ന് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും സഞ്ജു ഓപ്പണറായി സ്വന്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Content Highlight: Deep Dasgupta suggests that Sanju Samson and Vaibhav Suryavanshi could be considered as India’s opening pair

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more