2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെ നിയമിച്ചിരുന്നു. ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ടീമില്‍ ഓപ്പണറായും വൈസ് ക്യാപ്റ്റനുമായാണ് വൈഭവ് കളത്തിലിറങ്ങുക.
ഇപ്പോള്‍ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയ ഈ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപദാസ് ഗുപ്ത. അനുകുല്‍ റോയിയെ പോലെയുള്ള നിരവധി താരങ്ങള്‍ വൈസ് ക്യാപ്റ്റനാവാന്‍ യോഗ്യരായിരുന്നുവെന്നാണ് ദീപദാസ് ഗുപ്ത പറഞ്ഞത്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ വൈഭവ് ഇനിയും കഴിവ് തെളിയിക്കാനുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ഈ തീരുമാനത്തോട് ഞാന്‍ യോജിക്കുന്നില്ല. അനുകൂലിനെ പോലെ വര്‍ഷങ്ങളായി ടീമില്‍ കളിക്കുന്ന ചില താരങ്ങളുണ്ട്. അവര്‍ക്ക് വൈസ് ക്യാപ്റ്റന്‍സി നല്‍കാമായിരുന്നു. 15-16 വയസ് മാത്രമാണെങ്കിലും അവന്‍(വൈഭവ് സൂര്യവംശി) പക്വതയുള്ള താരമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അതില്‍ സംശയമൊന്നുമില്ല. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.
അടുത്തിടെയാണ് അവന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. ഇപ്പോഴും വളരെ ചെറുപ്പവുമാണ്. അങ്ങനെയൊരു താരത്തെ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനാക്കിയത് എനിക്ക് ശരിയായി തോന്നുന്നില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ ഇതുവരെ സ്ഥാനം കണ്ടെത്തിയിട്ടില്ല. ആ ഫോര്‍മാറ്റില്‍ അവന് അധികം പ്രകടനങ്ങളോ ഏക്‌സ്പീരിയന്‍സോയില്ല. മികവ് തെളിയിച്ച ശേഷം ഇത്തരം ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതായിരിക്കും നല്ലത്,’ ദീപദാസ് ഗുപ്ത പറഞ്ഞു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മത്സരങ്ങളിലെ 12 ഇന്നിങ്സില്‍ നിന്ന് 207 റണ്‍സാണ് വൈഭവ് ഇതുവരെ നേടിയത്. 17.25 ആവറേജില്‍ റണ്‍സ് സ്‌കേര്‍ ചെയ്ത വൈഭവ് റെഡ് ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയസമ്പന്നത നേടേണ്ട ഘട്ടത്തിലാണ് 15കാരനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
2026 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ സ്‌ക്വാഡ്
അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്സ്വാള്‍, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര, ശിഖര്‍ മോഹന്‍, അനുകുല്‍ റോയ്, വിരാട് സിങ്, ശുഭ്രന്‍ശു സേനാപതി, വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), ഡെനിഷ് ദാസ്, അഭിജിത് സര്‍ക്കാര്‍.
സ്റ്റാന്‍ഡ് ബൈ
ആയുഷ് ലോഹറുക, ശ്രീദം പോള്‍, സാംബിത് എസ് ബറാല്‍, ശരണ്‍ദീപ് സിങ്, സ്വസ്തിക് സമല്‍.
Content Highlight: Deep das Gupta disagrees with Vaibhav Suryavanshi being made vice captain of East Zone