ബാഴ്‌സലോണയുടെ മിന്നും യുവ താരമാണ് ലാമിന്‍ യമാല്‍. ഇപ്പോള്‍ 2031 വരെ ബാഴ്‌സയുമായുള്ള കരാര്‍ പുതിക്കിയിരിക്കുകയാണ് 17കാരനായ ലാമിന്‍. കളിയില്‍ പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയാണ് താരത്തിന്റെ പ്രധാന സവിശേഷത. അടുത്ത കാലത്തായി ബാഴ്‌സയുടെ ഇതിഹാസ താരമായ ലയണല്‍ മെസിയുമായി ലാമിന്‍ യമാലിനെ സീനിയര്‍ താരങ്ങള്‍ താരതമ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇരു താരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോ.
ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരമായിരുന്ന മെസിയേയും ക്ലബ്ബിന്റെ യുവ താരം ലാമിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്നും ഇരുവര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ടെന്നും ഡീക്കോ പറഞ്ഞു. മാത്രമല്ല മെസി ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരമാണെന്നും ലാമിന് മെസിയേപ്പോലെ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാഴ്‌സയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടം മെസിയുടെ പേരിലാണ്.
‘ലാമിന്‍ ലാമിനാണ്, മെസി മെസിയും. ലിയോണല്‍ മെസി ഈ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. മാത്രമല്ല അദ്ദേഹം എനിക്ക് ഫുട്‌ബോള്‍ ചരിത്രത്തിലേയും മികച്ച താരമാണ്. ലാമിന്റെ പ്രകടനം കാണുമ്പോള്‍ എല്ലാവരും അമ്പരക്കുന്നു. നിങ്ങള്‍ അവന്റെ പ്രകടനം കാണാന്‍ സ്റ്റേഡിയത്തില്‍ തന്നെ പോകണം. അവന്‍ കൂടുതല്‍ സാലറി അര്‍ഹിക്കുന്നു.
അവന്‍ ലോകത്തിലെ മികച്ച താരമാകും. ഒരു താരമെന്ന നിലയില്‍ നമ്മള്‍ അവനെ ബഹുമാനിക്കണം, അവന് വെറും 17 വയസ് മാത്രമാണെന്ന് നമ്മള്‍ ഓര്‍ക്കണം. എന്നാല്‍ അവനേയും മെസിയേയും താരതമ്യപ്പെടുത്താന്‍ കഴിയില്ല. ലാമിന്‍ മികവ് പുലര്‍ത്തുന്നുണ്ട്, അവന് മെസിയേപ്പോലെ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കും,’ ബി.ബി.സി. സ്‌പോര്‍ട്‌സുമായുള്ള ഒരു അഭിമുഖത്തില്‍ ഡെക്കോ പറഞ്ഞു.
2023ല്‍ തന്റെ പതിനഞ്ചാം വയസിലായിരുന്നു കറ്റാലന്‍മാര്‍ക്ക് വേണ്ടി യമാല്‍ ആദ്യമായി ബൂട്ട് കെട്ടിയത്. ഈ സീസണില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ കീഴില്‍ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്. ഇതുവരെ ടീമിന് വേണ്ടി 25 ഗോളുകളാണ് താരം നേടിയത്. മാത്രമല്ല ബാഴ്സയ്ക്ക് വേണ്ടി സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍റെ, ലാലിഗ എന്നീ കിരീടങ്ങളും ബാഴ്സയ്ക്ക് വേണ്ടി യമാല്‍ നേടിയിട്ടുണ്ട്.
രാജ്യാന്തര തലത്തില്‍ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്.
നിലവില്‍ മുന്‍ ബാഴ്‌സ താരം മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് എം.എല്‍.എസില്‍ ചേക്കേറിയത്. 855 കരിയര്‍ ഗോളുമായാണ് മെസി ഫുട്ബോള്‍ ലോകത്ത് മുന്നേറുന്നത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിലാണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും മയാമി സ്വന്തമാക്കി.
Content Highlight: Deco Talking About Lamine Yamal And Lionel Messi