യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലും സ്‌പെയിനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. സ്‌പെയിനിന്റെ യുവതാരം ലാമിന്‍ യമാലും പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയുമാണ് മത്സരത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം.
എന്നിരുന്നാലും അടുത്ത കാലത്തായി ബാഴ്‌സയുടെ ഇതിഹാസ താരമായ ലയണല്‍ മെസിയുമായി ലാമിന്‍ യമാലിനെ സീനിയര്‍ താരങ്ങളടക്കം താരതമ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇരു താരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോ.
‘ലാമിന്‍ ലാമിനാണ്, മെസി മെസിയും. ലിയോണല്‍ മെസി ഈ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. മാത്രമല്ല അദ്ദേഹം എനിക്ക് ഫുട്‌ബോള്‍ ചരിത്രത്തിലേയും മികച്ച താരമാണ്. ലാമിന്റെ പ്രകടനം കാണുമ്പോള്‍ എല്ലാവരും അമ്പരക്കുന്നു. നിങ്ങള്‍ അവന്റെ പ്രകടനം കാണാന്‍ സ്‌റ്റേഡിയത്തില്‍ തന്നെ പോകണം. അവന്‍ കൂടുതല്‍ സാലറി അര്‍ഹിക്കുന്നു.
അവന്‍ ലോകത്തിലെ മികച്ച താരമാകും. ഒരു താരമെന്ന നിലയില്‍ നമ്മള്‍ അവനെ ബഹുമാനിക്കണം, അവന് വെറും 17 വയസ് മാത്രമാണെന്ന് നമ്മള്‍ ഓര്‍ക്കണം. എന്നാല്‍ അവനേയും മെസിയേയും താരതമ്യപ്പെടുത്താന്‍ കഴിയില്ല. ലാമിന്‍ മികവ് പുലര്‍ത്തുന്നുണ്ട്, അവന് മെസിയേപ്പോലെ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കും,’ ബി.ബി.സി. സ്‌പോര്‍ട്‌സുമായുള്ള ഒരു അഭിമുഖത്തില്‍ ഡെക്കോ പറഞ്ഞു.
ക്ലബ്ബ് ഫുട്‌ബോളില്‍ യമാല്‍ ബാഴ്‌സയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇപ്പോള്‍ 2031 വരെ ബാഴ്‌സയുമായുള്ള കരാര്‍ പുതിക്കിയിരിക്കുകയാണ് 17കാരനായ ലാമിന്‍. കളിയില്‍ പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയാണ് താരത്തിന്റെ പ്രധാന സവിശേഷത.
2023ല്‍ തന്റെ പതിനഞ്ചാം വയസിലായിരുന്നു കറ്റാലന്‍മാര്‍ക്ക് വേണ്ടി യമാല്‍ ആദ്യമായി ബൂട്ട് കെട്ടിയത്. ഈ സീസണില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ കീഴില്‍ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്. ഇതുവരെ ടീമിന് വേണ്ടി 25 ഗോളുകളാണ് താരം നേടിയത്. മാത്രമല്ല ബാഴ്‌സയ്ക്ക് വേണ്ടി സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍റെ, ലാലിഗ എന്നീ കിരീടങ്ങളും ബാഴ്‌സയ്ക്ക് വേണ്ടി യമാല്‍ നേടിയിട്ടുണ്ട്.