| Wednesday, 27th June 2012, 8:00 am

ആഴ്ചയില്‍ ഒരു സിനിമ: എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആഴ്ചയില്‍ ഒരു സിനിമ മാത്രം റിലീസ് മതിയെന്ന തീരുമാനം പിന്‍വലിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഫെഫ്കയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

തിയ്യേറ്ററുകളുടെ ലഭ്യതക്കുറവ് സിനിമയ്ക്കുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനായിരുന്നു പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഓണം, വിഷു തുടങ്ങിയ അവസരങ്ങളില്‍ മാത്രം കൂടുതല്‍ ചിത്രങ്ങളുടെ റിലീസ് ആകാമെന്നും തീരുമാനമുണ്ടായിരുന്നു.

തീരുമാനം ഒരുമാസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മലയാള ചിത്രങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അന്യഭാഷാ ചിത്രങ്ങള്‍ എത്രവേണമെങ്കിലുമാകാമെന്ന സ്ഥിതിയാണ്‌. മലയാള ഭാഷാ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ പ്രാധാന്യം മറ്റുഭാഷാ ചിത്രങ്ങള്‍ക്കു നല്‍കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം 28 ന് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംയുക്തസംഘടന കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആഴ്ചയില്‍ ഒരു സിനിമ റിലീസ് ചെയ്താല്‍മതിയെന്ന തീരുമാനമെടുത്തത്.

ചെറിയ ചിത്രങ്ങള്‍ക്ക് മികച്ച ഇനീഷ്യല്‍ ലഭിക്കുന്നതിന് പുതിയ നിയമം സഹായകരമാകുമെന്നാണ് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംയുക്തസംവിധാനമായ സെല്‍ഫ് റെഗുലേഷന്‍ കൗണ്‍സില്‍ അന്ന് പറഞ്ഞത്. സിനിമകളുടെ മത്സര സ്വാഭാവം ഒഴിവാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more