| Saturday, 8th February 2014, 3:58 pm

അസീമാനന്ദയുടെ അഭിമുഖത്തില്‍ ഉറച്ചു നില്‍ക്കുന്നു: കാരവന്‍ മാസിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചു ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് അടക്കമുള്ള നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്ന സ്വാമി അസീമാനന്ദയുടെ അഭിമുഖത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കാരവന്‍ മാസിക.

അഭിമുഖത്തിന്റെ ഒമ്പതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ടേപ്പുകള്‍ കൈവശമുണ്ടെന്നും കബളിപ്പിച്ച് ഒളികാമറ പ്രയോഗത്തിലൂടെയല്ല ജയിലില്‍ തങ്ങളുടെ പ്രതിനിധി അസീമാനന്ദയെ നേരില്‍ കണ്ടു സംസാരിച്ചാണ് അഭിമുഖം തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലുള്ള അസീമാനന്ദയുമായുള്ള അഭിമുഖം എങ്ങനെ സാധ്യമാകാനാണെന്ന് ആര്‍.എസ്.എസ് വക്താവ് റാം മാധവും മാസികയിലെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും നുണയുമാണെന്ന് അസീമാനന്ദയുടെ വക്കീല്‍ ജെ.എസ് റാണയും പറഞ്ഞിരുന്നു. അഭിമുഖം ഉണ്ടായിട്ടില്ലെന്ന് കാണിച്ച് അസീമാനന്ദയുടേതായി ഒരു പത്രക്കുറിപ്പും പുറത്തിറങ്ങിയിരുന്നു.

ഇതിനുപിന്നാലെയാണ് അഭിമുഖത്തില്‍ ഉറച്ചുനില്‍ക്കുന്നതായും തെളിവുകളുണ്ടെന്നും കാണിച്ച് മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് രംഗത്തെത്തിയത്.

2007 ലെ സംഝൗത എക്‌സ്പ്രസ് സ്‌ഫോടനം, ഹൈദ്രാബാദിലെ മക്ക മസ്ജിദ്, രാജസ്ഥാനിലെ അജ്മര്‍ ദര്‍ഗ്, 2006ലെയും 2008ലെയും മലെഗാവ് സ്‌ഫോടനങ്ങള്‍ എന്നിവയെല്ലാം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പിന്തുണയോടെയാണ് നടന്നതെന്നായിരുന്നു അസീമാനന്ദ പറഞ്ഞത്.

കാരവന്‍ മാസികയുടെ എഡിറ്റോറിയല്‍ മാനേജര്‍ ലീന ഗീത രഘുനാഥിന് ജയില്‍ വച്ച് നല്‍കിയ അഭിമുഖത്തിലാണ് അസീമാനന്ദയുടെ വെളിപ്പെടുത്തല്‍.

അഭിമുഖം വിവാദമായതോടെ മാസികയുടെ മുംബൈയിലും ഡല്‍ഹിയിലുമുള്ള ഓഫീസുകളില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളെത്തുന്നുണ്ടെന്നും വിനോദ് കെ. ജോസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more