| Saturday, 25th October 2025, 1:16 pm

കടക്കെണി; അദാനിയെ രക്ഷിക്കാന്‍ എല്‍.ഐ.സിയുടെ മൂന്നര ലക്ഷം കോടി കൈമാറാന്‍ മോദി സര്‍ക്കാര്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ വ്യവസായി ഗൗതം അദാനിയെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനായി സാധാരണക്കാരന്റെ പണം ചെലവഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ധനകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ പദ്ധതി ആവിഷ്‌കരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

90 ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായ അദാനിയുടെ കടം അടുത്തിടെ വര്‍ധിച്ചിരുന്നു. മിക്ക ബില്ലുകളും കുടിശിക വരുത്തിയതോടെ അദാനിയെ യു.എസ് കൈക്കൂലി കേസിലും വഞ്ചന കേസിലും പ്രതി ചേര്‍ത്തിരുന്നു.

ഈ സംഭവത്തോടെ യു.എസിലേയും യൂറോപ്പിലേയും ബാങ്കുകള്‍ അദാനിക്ക് വായ്പ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചു.

ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അദാനിയെ കൈപിടിച്ച് കരയ്ക്ക് കയറ്റാനായി മോദി സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരുടെ നിക്ഷേപമായ എല്‍.ഐ.സി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യുടെ കൈവശമുള്ള പണത്തിലാണ് കണ്ണുവെച്ചത്. എല്‍.ഐ.സിയുടെ മൂന്നര ലക്ഷം കോടി രൂപ അദാനിയുടെ വിവിധ ബിസിനസുകളില്‍ നിക്ഷേപിക്കുന്നത് ആരംഭിച്ചിരിക്കുകയാണ്.

ഇതിനായി 2025 മേയ് മാസം മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ രഹസ്യമായി ആദ്യഘട്ട നീക്കം പൂര്‍ത്തിയാക്കിയെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട്.

കടം പെരുകിയതോടെ അദാനി ഗ്രൂപ്പിന് വേണ്ടി എല്‍.ഐ.സി, നീതി ആയോഗ് എന്നിവയുമായി ചേര്‍ന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പി(ഡി.എഫ്.എസ്)ലെ ഉദ്യോഗസ്ഥര്‍ പ്രത്യേക നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. ഇതിന് ധനകാര്യമന്ത്രാലയം അനുമതിയും നല്‍കി. അതേസമയം, സംഭവം വിവാദമായിട്ടും വിഷയത്തില്‍ നീതി ആയോഗ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

അദാനി പോര്‍ട്ടിന് 585 മില്യണ്‍ ഡോളര്‍ (ഏകദേശം 51.3 ബില്യണ്‍ ഇന്ത്യന്‍ രൂപ) ആവശ്യം വന്ന മേയ് മാസത്തില്‍ തന്നെ ഈ പദ്ധതിയിലൂടെ ബോണ്ട് ഇഷ്യൂ ചെയ്ത് അദാനിക്ക് സഹായം ലഭിച്ചു. മേയ് 30ന് ആവശ്യമായ പണം ലഭിച്ച ബോണ്ടില്‍ നിക്ഷേപം നടത്തിയത് എല്‍.ഐ.സി ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട അവരുടെ പണം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമായിട്ടും ഈ വാര്‍ത്ത മുഖ്യധാരയിലെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

അദാനി കമ്പനികളുടെ ഓഹരി വാങ്ങിയിരുന്ന എല്‍.ഐ.സിയോട് അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ബോണ്ടില്‍ മാത്രം 3.4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും നിരവധി അദാനി ഓഹരികള്‍ വാങ്ങാനായി 507 ദശലക്ഷം ഡോളര്‍ ചെലവഴിക്കാനും ധനകാര്യ മന്ത്രാലയം ഉപദേശിച്ചിരുന്നു. ജൂണില്‍ അവസാനിച്ച കഴിഞ്ഞ 12 മാസത്തിലെ കമ്പനിയുടെ ആകെ കടം 20 ശതമാനം വര്‍ധിച്ചുവെന്നാണ് അദാനിയുടെ കമ്പനി ഫയലിങ്ങുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, മേയ് മാസത്തിലെ പോര്‍ട്ട് ബോണ്ടിന് ശേഷം എല്‍.ഐ.സി അദാനി ഗ്രൂപ്പില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമല്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുമായി അടുത്തബന്ധമുള്ള ശതകോടീശ്വരന് മാത്രമായി സാധാരണക്കാരുടെ പണം നല്‍കുന്ന മോദി സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

കേന്ദ്രസര്‍ക്കാര്‍ സമ്പത്തിന്റെ കേന്ദ്രബിന്ദുവായി അദാനിയെ പ്രതിഷ്ഠിക്കുന്നതിന്റെ തെളിവാണിത്. സാധാരണക്കാരുടെ പണം ഒരു ഗ്രൂപ്പിലേക്ക് മാത്രമായി ഒഴുക്കി വിടുന്നു. മോദിയുടെ അടുത്ത സുഹൃത്തായ അദാനിക്ക് കേന്ദ്രസര്‍ക്കാരിലുള്ള സ്വാധീനത്തിന്റെ ഉദാഹരണവുമാണിത്.

ഹിഡന്‍ബര്‍ഗിന്റെ 2023ലെ റിപ്പോര്‍ട്ടില്‍ അദാനിക്ക് എതിരായ ഓഹരി കൃത്രിമത്വവും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ചിരുന്നു. പിന്നാലെ സെബി അന്വേഷണവും നടത്തിയിരുന്നു. രണ്ട് ആരോപണങ്ങള്‍ ഒഴികെ ബാക്കിയുള്ളവയില്‍ അന്വേഷണം നടക്കുകയാണ്.

ഇതിനിടെ, ഡി.എഫ്.എസ് രേഖകളില്‍ അദാനിയെ വാഴ്ത്തി പറയുന്നതിന്റെ തെളിവുകളും പുറത്തെത്തിയിട്ടുണ്ട്. ‘ദീര്‍ഘ വീക്ഷണമുള്ള സംരംഭകന്‍’, ‘കമ്പനിയുടെ വെല്ലുവിളികളെ നേരിടാന്‍ ശ്രദ്ധേയമായ പ്രതിരോധം തീര്‍ത്തു’ എന്നിങ്ങനെയൊക്കെയാണ് അദാനിയെ പുകഴ്ത്തിയിരിക്കുന്നത്.

എല്‍.ഐ.സി, ഡി.എഫ്.എസ് എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച രേഖകളും പേര് വെളിപ്പെടുത്താത്ത വിവിധ ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളും ഇന്ത്യയിലെ ചില ബാങ്കര്‍മാരുടെ വെളിപ്പെടുത്തലുകളുമാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.

അതേസമയം, ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചു. മോദി ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നതിന് മുമ്പ് തന്നെ അദാനി ഗ്രൂപ്പ് വളര്‍ച്ച നേടിയിരുന്നു. എല്‍.ഐ.സി, അദാനി ഗ്രൂപ്പില്‍ മാത്രമല്ല നിരവധി കോര്‍പ്പറേറ്റ് ഗ്രൂപ്പുകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. അദാനിക്ക് മുന്‍ഗണന നല്‍കുന്നുവെന്നത് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണെന്നും അദാനി പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും എല്‍.ഐ.സി വരുമാനം നേടിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.

ഗുജറാത്ത് സ്വദേശിയായ ഗൗതം അദാനിയും മോദിയും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണുള്ളത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി അദാനി ഗ്രൂപ്പിന്റെ ജെറ്റിലായിരുന്നു മോദി സ്ഥിരമായി യാത്ര ചെയ്തിരുന്നത്.

എല്‍.ഐ.സിയുടെ പണം അദാനി ഗ്രൂപ്പിന് വേണ്ടി വകമാറ്റി ചെലവഴിക്കുന്നതിനെ എതിര്‍ത്ത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

Content Highlight: Debt; Modi government to transfer Rs 3.5 billion of LIC to save Adani Group; Report

We use cookies to give you the best possible experience. Learn more