ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയുള്ള ടി.വി.കെ മേധാവി വിജയ്‌യുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
സംസ്ഥാനത്തിന്റെ കടം നിയന്ത്രണവിധേയമാണെന്നും സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞ് വോട്ട് ചെയ്തവരെ നിരാശരാക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് അഭിന്ദനങ്ങള്‍ നേരുന്നുവെന്നും അധികാരമേറ്റെടുത്തയുടന്‍ തന്നെ ഒപ്പുവെച്ച പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘ഖജനാവില്‍ പണമില്ലെന്ന് തുടക്കത്തില്‍ തന്നെ പറയരുത്. എല്ലാം അവിടെയുണ്ട്. ജനങ്ങള്‍ക്ക് നല്‍കാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്,’ അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരി, വെള്ളപ്പൊക്കം തുടങ്ങിയ വെല്ലുവിളികളും, ബി.ജെ.പിയുടെ നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും നേരിട്ടിട്ടും നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
‘ മുന്‍ സര്‍ക്കാര്‍ പത്ത് ലക്ഷം കോടി രൂപയോളം കടം ബാക്കിവെച്ച് ഖജനാവ് കാലിയാക്കിയതിന് ശേഷമാണ് പോയതെന്ന് നിങ്ങള്‍ ആദ്യ പ്രസംഗത്തില്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ കടം അനുവദനീയമായ പരിധിക്കുള്ളില്‍ തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് കടത്തിലാണെന്നും സുതാര്യത ഉറപ്പാക്കുന്നതിനായി തന്റെ സര്‍ക്കാര്‍ ഒരു ധവള പത്രം പുറത്തിറക്കുമെന്നും വിജയ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
ഖജനാവ് കാലിയാക്കിയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പോയത്. വലിയ ബാധ്യതയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവശേഷിപ്പിച്ചത്. സംസ്ഥാനത്തിന്റെ കടം പത്ത് ലക്ഷം കോടി കടന്നു. തന്റെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കൂ. അത് വിലയിരുത്തിയ ശേഷം ധവളപത്രം പുറത്തിറക്കും. വിജയ് പറഞ്ഞു.
രാവിലെ പത്ത് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് വിജയ് അധികാരത്തിലേറിയത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
പഴയതും പുതിയതുമായ മുഖങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പത്തംഗ മന്ത്രിസഭയാണ് വിജയ് പ്രഖ്യാപിച്ചത്. മുന്‍ ഡി.എം.കെ ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയും മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സി.പി.ഐ, സി.പി.ഐ.എം, വി.സി.കെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് വഴിയൊരുങ്ങിയത്
Content Highlight: Debt is within the limit; what is needed is the will to give to the people and the ability to govern: Stalin hits back